ദില്ലി: ചര്‍ച്ചകള്‍ക്ക് ഒടുവില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരാന്‍ തീരുമാനം. എഐസിസി സമ്മേളനം അടുത്ത വര്‍ഷം ആദ്യം വിളിച്ചേക്കും. കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷ പദവി ആവശ്യപ്പെട്ടുള്ള നേതാക്കളുടെ കത്തില്‍ സോണിയ അതൃപ്‍തി പ്രകടിപ്പിച്ചെങ്കിലും കത്ത് എഴുതിയവര്‍ക്കെതിരെ നടപടി ഉണ്ടാവില്ല. 

ഇന്ന് ചേര്‍ന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലും പുറത്തും അരങ്ങേറിയത് പൊട്ടിത്തെറിക്കിടയാക്കിയ അസാധാരണ സംഭവങ്ങളായിരുന്നു. ചർച്ച തുടക്കത്തിൽ തന്നെ കത്തെഴുതിയ നേതാക്കൾക്കെതിരെ നേതൃത്വം തിരിച്ചു.  ഗുലാംനബി ആസാദ്
രാജിസന്നദ്ധത അറിയിച്ചു.

രാഹുൽ ഗാന്ധി നേതാക്കൾക്കെതിരെ തിരിഞ്ഞെന്ന മാധ്യമ വാർത്ത വന്നതോടെ കപിൽ സിബിൽ ട്വിറ്ററിലൂടെ  ആഞ്ഞടിച്ചു. 30 കൊല്ലത്തിൽ ബിജെപിയെ അനുകൂലിച്ച് ഒരു പ്രസ്താവന പോലും നല്‍കിയിട്ടില്ലെന്നും എന്നിട്ടും ഞങ്ങള്‍ക്ക് ബിജെപിയുമായി രഹസ്യധാരണ എന്നാണ് രാഹുല്‍ പറഞ്ഞതെന്നുമായിരുന്നു കപില്‍ സിബലിന്‍റെ ട്വീറ്റ്. എന്നാല്‍ താൻ ആരെയും ബിജെപി ഏജന്‍റുമാരെന്ന് വിളിച്ചില്ലെന്ന് രാഹുൽ ഗാന്ധി നേരിട്ട് അറിയിച്ചതോടെയാണ് കപിൽ സിബൽ ട്വീറ്റ് പിൻവലിച്ചത്.