ചെന്നൈ: സെക്കന്റ് എസി കംപാർട്ട്മെന്റിലെ യാത്രക്കിടെ പെട്ടി മോഷണം പോയ സംഭവത്തിൽ കുടുംബത്തിന് നാല് ലക്ഷം രൂപ ദക്ഷിണ റെയിൽവെ നഷ്ടപരിഹാരം നൽകണം. ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് 2015 ൽ നടന്ന സംഭവത്തിൽ ഈ വിധി പുറപ്പെടുവിച്ചത്.

പെട്ടിയിൽ സ്വർണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും വിലയേറിയ വാച്ചും, വസ്ത്രങ്ങളും ഉണ്ടായിരുന്നുവെന്നാണ് വാദം. 2015 ജനുവരി 20 ന് ചെന്നൈയിൽ നിന്നും പുറപ്പെട്ട തമിഴ്‌നാട് എക്‌സ്പ്രസ് ട്രെയിനിലാണ് ഇവർ യാത്ര ചെയ്തത്. ബർത്തിന് താഴെ പെട്ടികൾ വച്ച ശേഷം ഇവർ യാത്ര ആരംഭിച്ചു. ജനുവരി 22 ന് രാവിലെ ആഗ്ര സ്റ്റേഷനിലെത്തിയപ്പോഴാണ് ബാഗ് നോക്കിയത്. എന്നാൽ ബാഗ് മോഷ്ടിക്കപ്പെട്ടതായി വ്യക്തമായി. പിന്നാലെ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

കംപാർട്ട്മെന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ പെട്ടികൾ മോഷണം പോകുമ്പോൾ കംപാർട്ട്മെന്റിലുണ്ടായിരുന്നില്ല. ഒരാൾ ഈ പെട്ടികളുമായി കംപാർട്ട്മെന്റിൽ നിന്ന് പുറത്തേക്ക് പോകുന്നത് കണ്ടതായി ടിടിഇ മൊഴി നൽകിയിരുന്നു.

അംഗീകൃത യാത്രാ ടിക്കറ്റില്ലാത്തവർക്ക് കംപാർട്ട്മെന്റിലേക്ക് പ്രവേശിക്കാൻ സാധിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഉപഭോക്തൃ തർക്ക പരിഹാരത്തിന്റെ ഉത്തരവ്. 4800  രൂപ നൽകിയാണ് യാത്രാ ടിക്കറ്റ് ബുക്ക് ചെയ്തതെന്നാണ് കുടുംബത്തിന്റെ വാദം. പെട്ടി നഷ്ടപ്പെട്ടത് കടുത്ത മനോവേദനയ്ക്ക് കാരണമായെന്നും ഇവർ പറഞ്ഞു. ഇവരുടെ വാദം അംഗീകരിച്ചാണ് കോടതി നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടത്.