ദില്ലി: ഔദ്യോഗിക ആശയവിനിമയത്തിന്‌ ഹിന്ദിയോ ഇംഗ്ലീഷോ ഉപയോഗിക്കണമെന്ന്‌ ജീവനക്കാര്‍ക്ക്‌ ദക്ഷിണ റെയില്‍വേയുടെ നിര്‍ദേശം. എന്താണ്‌ പറഞ്ഞതെന്ന്‌ ജീവനക്കാര്‍ക്ക്‌ പരസ്‌പരം മനസ്സിലാകാതിരിക്കുന്ന അവസ്ഥ ഒഴിവാക്കാനാണ്‌ തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.

ഡിവിഷണല്‍ കണ്‍ട്രോള്‍ ഓഫീസും സ്റ്റേഷന്‍ മാസ്റ്റര്‍മാരുമായുള്ള ആശയലവിനിമയത്തിന്‌ ഹിന്ദിയോ ഇംഗ്ലീഷോ ഉപയോഗിക്കണമെന്നാണ്‌ റെയില്‍വേ ചീഫ്‌ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ്‌ മാനേജര്‍ ആര്‍.ശിവ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്‌. പരസ്‌പരമുള്ള ആശയവിനിമയത്തിന്‌ ഹിന്ദിയോ ഇംഗ്ലീഷോ ഉപയോഗിക്കണം. പ്രാദേശികഭാഷകളുടെ ഉപയോഗം പരമാവധി ഒഴിവാക്കണം. പറയുന്നതെന്താണെന്ന്‌ പരസ്‌പരം മനസ്സിലാകാത്ത അവസ്ഥ ഒഴിവാക്കാനാണിത്‌. ഉത്തരവില്‍ പറയുന്നു.

ചെന്നൈ ഡിവിഷന്‌ കീഴിലുള്ള സെക്ഷന്‍ കണ്‍ട്രോളേഴ്‌സ്‌, സ്‌റ്റേഷന്‍ സ്‌റ്റാഫ്‌, ട്രാഫിക്‌ ഇന്‍സ്‌പെക്ടേഴ്‌സ്‌, സ്റ്റേഷന്‍ മാസ്റ്റേഴ്‌സ്‌ എന്നിവരെ അഭിസംബോധന ചെയ്‌തുകൊണ്ടുള്ളതാണ്‌ ഉത്തരവ്‌. സ്‌റ്റേഷന്‍ മാസ്‌റ്റര്‍മാര്‍ക്ക്‌ നല്‍കുന്ന നിര്‍ദേശം വ്യക്തമാകണമെന്നത്‌ കണ്‍ട്രോള്‍ ഓഫീസിന്റെ ഉത്തരവാദിത്തമാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്‌.