ജയ്‍പൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ രാജസ്ഥാൻ സർക്കാരിനെതിരെ സ്‍പീക്കര്‍. കേന്ദ്രം പാസാക്കിയ പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്തിന് നടപ്പാക്കാതിരിക്കാനാവില്ലെന്നായിരുന്നു സ്പീക്കര്‍ സി പി ജോഷിയുടെ വിമര്‍ശനം. ഭരണഘടന പ്രകാരം പൗരത്വ നിയമ ഭേദഗതി സംസ്ഥാന വിഷയമല്ലെന്നും സ്പീക്കർ പറഞ്ഞു. കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജസ്ഥാൻ സർക്കാർ  പ്രമേയം പാസാക്കിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കുകയാണന്നും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ സ്വരം കേള്‍ക്കാന്‍ തയാറാകണമെന്നും ഉപമുഖ്യമന്ത്രി സച്ചിന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ഒരു പുനര്‍ചിന്ത വേണമെന്ന് ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നതാണ്. അങ്ങനെ ചെയ്യുമ്പോള്‍ അവരെ ആക്രമിക്കുകയും ദേശവിരുദ്ധരായി ചിത്രീകരിക്കുകയുമാണ് ചെയ്യുന്നതെന്നും സച്ചിന്‍ വ്യക്തമാക്കിയിരുന്നു.