Asianet News MalayalamAsianet News Malayalam

കര്‍നാടകം; 14 വിമത എംഎല്‍എമാര്‍ അയോഗ്യര്‍, യെദിയൂരപ്പയുടെ വിശ്വാസവോട്ടെടുപ്പ് നാളെ

കോണ്‍ഗ്രസിലെ 11 എംഎല്‍എമാരെയും ജെഡിഎസിലെ 3 എംഎല്‍എമാരെയുമാണ് ഇന്ന് സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്

Speaker's decision on the disqualification of mlas
Author
Bengaluru, First Published Jul 28, 2019, 12:11 PM IST

ബംഗളൂരു: കര്‍ണാടകത്തില്‍ രാജി വച്ച 13 എംഎല്‍എമാരെയും അയോഗ്യരാക്കിയതായി സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കിയിട്ടുണ്ട്.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും വിപ്പ് ലംഘിച്ചതിനുമാണ് എംഎല്‍എമാരെ അയോഗ്യരാക്കിയിരിക്കുന്നത്. ഇതോടെ യെദിയൂരപ്പ സർക്കാർ നാളെ വിശ്വാസവോട്ട് നേടുമെന്ന് ഉറപ്പായി.

കോണ്‍ഗ്രസിലെ 11 എംഎല്‍എമാരെയും ജെഡിഎസിലെ 3 എംഎല്‍എമാരെയുമാണ് ഇന്ന് സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്. രാജിവച്ച് വിമതക്യാമ്പിലേക്ക് പോയ പ്രതാപ് ഗൗഡ പാട്ടീൽ, ബിസി പാട്ടീൽ, മുനിരത്ന, ബൈരതി ബസവരാജ്, എസ് ടി സോമശേഖർ, കെ സുധാകർ, റോഷൻ ബെയ്ഗ്, ആനന്ദ് സിംഗ്, എം ടി ബി നാഗരാജ്, ശിവറാം ഹെബ്ബാ‍ർ എന്നീ കോൺഗ്രസ് എംഎൽഎമാരും എച്ച് വിശ്വനാഥ്, ഗോപാലയ്യ, നാരായൺ ഗൗഡ എന്നീ ജെഡിഎസ് എംഎൽഎമാരും നടപടി നേരിട്ടു. വിപ്പ് ലംഘിച്ചതിനാണ് വിശ്വാസവോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന കോൺഗ്രസ് എംഎൽഎ ശ്രീമന്ത് പാട്ടീലിനെ അയോഗ്യനാക്കിയത്. നേരത്തെ 3 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇതോടെ കോണ്‍ഗ്രസും ജെഡിഎസും ശുപാര്‍ശ ചെയ്ത 17 എംഎല്‍എമാരും അയോഗ്യരായി.

സിദ്ധരാമയ്യയുടെയും കുമാരസ്വാമിയുടെയും ശുപാർശകൾ സ്പീക്കർ അതേപടി അംഗീകരിക്കുകയായിരുന്നു .ഈ നിയമസഭയുടെ കാലാവധി തീരുന്നത് വരെ, അയോഗ്യരായ എംഎല്‍എമാര്‍ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. വിപ്പ്  ലംഘിച്ചതിനും പാർട്ടിവിരുദ്ധ പ്രവർത്തനനം നടത്തിയതിനും ഇവര്‍ക്കെതിരെ പ്രത്യക്ഷത്തിൽ തെളിവുണ്ടെന്ന് സ്പീക്കർ വ്യക്തമാക്കി. എതിർവാദത്തിന് സമയം നൽകിയെങ്കിലും എംഎൽഎമാർ തയ്യാറായില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

നാളെയാണ് യെദിയൂരപ്പ സർക്കാർ വിശ്വാസവോട്ട് തേടുന്നത്. 17 പേരുടെ അയോഗ്യതയോടെ സഭയിൽ അംഗങ്ങൾ 208 ആകും. കേവലഭൂരിപക്ഷത്തിന്  105 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. അത്രയും അംഗങ്ങളുളള ബിജെപിക്ക് ഇനി ആശങ്കയില്ല. ധനകാര്യബില്ലും നാളെ മേശപ്പുറത്ത് വെക്കും. സ്പീക്കർക്കെതിരെ ബിജെപി അവിശ്വാസപ്രമേയം കൊണ്ടുവരാൻ സാധ്യതയുണ്ട്. എന്നാൽ ധനകാര്യബില്ല് പാസായിക്കഴിഞ്ഞാൽ രാജിവച്ചേക്കുമെന്ന സൂചന രമേഷ് കുമാർ നൽകി.
 

Follow Us:
Download App:
  • android
  • ios