ദില്ലി: ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെതിരായ പീഡന പരാതിയിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സുപ്രീംകോടതി ഉത്തരവ്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാകും മേൽനോട്ട ചുമതല. കുട്ടിയെ മറ്റൊരു കോളേജിലേക്ക് മാറ്റാനും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് രാജസ്ഥാനിൽ നിന്നും പെൺകുട്ടിയെയും സുഹൃത്തിനെയും ഉത്തർപ്രദേശ് പൊലീസ് കണ്ടെത്തിയത്.  തുടർന്ന് പെൺകുട്ടിയെ സുപ്രീംകോടതിയിൽ ഹാജരാക്കുകയും ചെയ്തു. സ്വയം പരിരക്ഷിക്കാനായാണ് ഷാജഹാൻപൂർ വിട്ടുപോയതായും കുറച്ച് കാലം ദില്ലിയിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്നും പെൺകുട്ടി ജഡ്ജിമാരോട് പറഞ്ഞിരുന്നു. തിങ്കളാഴ്ച വരെ കുട്ടിയെ ദില്ലിയിലെ അഭയകേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ കോടതി നിർദ്ദേശവും നൽകിയിരുന്നു. 

വനിതാ അഭിഭാഷകരുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ സംഭവത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. പിന്നീടാണ് പെൺകുട്ടിയെ സുഹൃത്തിനൊപ്പം കണ്ടെത്തിയെന്ന് യുപി പൊലീസ് ഡിജിപിയെ അറിയിച്ചത്. കുട്ടിയെ കാണാതായെന്ന് മാതാപിതാക്കൾ പരാതി നൽകിയിട്ടും കേസ് എടുക്കാത്ത പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

ഫേസ്ബുക്കിലൂടെയാണ്, നിയമ വിദ്യാർത്ഥിനി മുൻ കേന്ദ്ര മന്ത്രിയായിരുന്ന സ്വാമി ചിന്മായനന്ദിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരോട് സഹായാഭ്യാര്‍ത്ഥനയും പെണ്‍കുട്ടി നടത്തിയിരുന്നു. ഇതിന് ശേഷമാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.