Asianet News MalayalamAsianet News Malayalam

നാഗാലാൻഡിൽ അഫ്സപ പിൻവലിക്കാനുള്ള സാധ്യത പരിശോധിക്കാൻ കേന്ദ്രം: തീരുമാനം അമിത് ഷാ വിളിച്ച യോഗത്തിൽ

നാട്ടുകാർക്ക് നേരെ വെടിവയ്പ് നടത്തിയ സൈനികർക്കെതിരെ നടപടിയുണ്ടാകുമെന്ന് യോഗത്തിൽ അമിത് ഷാ അറിയിച്ചു. സൈനിക നിയമപ്രകാരമുള്ള കോർട്ട് ഓഫ് എൻക്വയറിയുടെ അടിസ്ഥാനത്തിലാകും നടപടി

Special Panel To Decide On Withdrawing Controversial Law AFSPA From Nagaland
Author
Delhi, First Published Dec 26, 2021, 4:02 PM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: നാഗാലാൻഡിൽ അഫ്സ്പ പിൻവലിക്കുന്നതിനെ കുറിച്ച് പരിശോധിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. അമിത് ഷായുടെ നേതൃത്വത്തിൽ 
ഡിസംബർ 23-ന് ചേർന്ന യോഗത്തിൻ്റേതാണ് തീരുമാനം. സൈനികർ നടത്തിയ വെടിവെപ്പിൽ തൊഴിലാളികൾ മരണപ്പെട്ടതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ഷായുടെ നേതൃത്വത്തിൽ അസം, നാഗാലൻഡ് മുഖ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗം ചേർന്നത്. ഇപ്പോഴാണ് യോഗവിവരങ്ങൾ ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും പുറത്തു വന്നത്. 

നാട്ടുകാർക്ക് നേരെ വെടിവയ്പ് നടത്തിയ സൈനികർക്കെതിരെ നടപടിയുണ്ടാകുമെന്ന് യോഗത്തിൽ അമിത് ഷാ അറിയിച്ചു. സൈനിക നിയമപ്രകാരമുള്ള കോർട്ട് ഓഫ് എൻക്വയറിയുടെ അടിസ്ഥാനത്തിലാകും നടപടി. അന്വേഷണം കഴിയുംവരെ ഓപ്പറേഷനിൽ പങ്കെടുത്ത എല്ലാ സൈനികരേയും സസ്പെൻഡ് ചെയ്തു.  വെടിയേറ്റ് മരിച്ചവരുടെ ബന്ധുക്കൾക്ക് സംസ്ഥാന സർക്കാർ ജോലി നൽകും. 

ഡിസംബർ നാല് ശനിയാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച ദുരന്തം നാഗാലാൻഡിൽ അരങ്ങേറിയത്. മോൺ ജില്ലയിലെ തിരു ഗ്രാമത്തിൽ കൽക്കരി ഖനിയിലെ ജോലി കഴിഞ്ഞ്  ഒരു പിക്കപ്പ് വാനില്‍ വീടുകളിലേക്ക് മടങ്ങുകയായിരുന്നു എട്ട് ഗ്രാമീണരാണ് സൈന്യം നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടത്.  സൈന്യത്തിൻ്റെ 21 പാരാ സെപ്ഷ്യ ൽ ഫോഴ്സിലെ സൈനികർ ഒരു ഓപ്പറേഷനിടെ ഇവർക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു.
 
വിഘടനവാദി സംഘടനയായ എന്‍എസ്സിഎന്‍ (കെ) യുടെ പ്രവർത്തകർ ആക്രമണത്തിനായി എത്തുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ വിവരത്തെ തുടർന്ന് നടത്തിയ ഓപ്പറേഷനിലായിരുന്നു സൈന്യം. കലാപകാരികളാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു വെടിയുതിര്‍ത്തത്. വാഹനത്തിലുണ്ടായിരുന്ന ആറ് ഗ്രാമീണർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. കോന്യാക്ക് ഗോത്രത്തില്‍ നിന്നുള്ളവരാണ്  കൊല്ലപ്പെട്ട ഗ്രാമീണർ.

വെടിയൊച്ച കേട്ട് എത്തിയ ഗ്രാമണീരും സൈന്യവും തമ്മിൽ പിന്നാലെ  വലിയ സംഘർഷം നടന്നു. സൈനിക വാഹനങ്ങൾക്ക് നാട്ടുകാർ തീയിട്ടു. സംഘർഷത്തിനിടെ സൈന്യത്തിൻ്റെ വെടിയേറ്റ് ഏഴ് ഗ്രാമീണർ കൂടി കൊല്ലപ്പെട്ടു. ഒരു സൈനികനും മരിച്ചു. സ്വയം പ്രതിരോധത്തിന് വെടിവെച്ചന്നൊണ് സൈന്യം പറയുന്നത്.പിന്നാലെ നാഗാലാൻഡിൽ അരങ്ങേറിയത് വലിയ കലാപം.
 
ഡിസംബർ അഞ്ച് ഞായറാഴ്ച വൈകുന്നേരം മോണ്‍ ജില്ലയിലെ ആയിരത്തിലധികം സാധാരണക്കാര്‍ തെരുവിലിറങ്ങി. പ്രദേശത്തെ അസം റൈഫിള്‍സ് ക്യാമ്പുകള്‍ക്ക് നേരെ വലിയ ആക്രമണം അഴിച്ചുവിട്ടു. പ്രതിഷേധക്കാര്‍ സേനയുടെ സ്വത്തുവകകള്‍ തീയിട്ടു നശിപ്പിച്ചു. അതിനിടെ, സിവിലിയന്‍ ഗ്രൂപ്പുകളുടെ കലാപം മോണ്‍ ജില്ലയില്‍ നിന്ന് ട്യൂണ്‍സാങ് ജില്ലയിലേക്ക് വ്യാപിച്ചു. ട്യൂണ്‍സാങ് പട്ടണത്തിലെ ഏതാനും കടകള്‍ ഒരു കൂട്ടം ആളുകള്‍ ആഗ്നിക്കിരയാക്കി. ഈ സംഘർഷത്തിനിടെ രണ്ട് നാട്ടുകാർ കൂടി കൊല്ലപ്പെട്ടു. ഇതോടെ പ്രതിഷേധം കനത്തു. നാഗാ സംഘടനകൾ സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചു. പിന്തുണയുമായി വിഘടനവാദി സംഘടനകളും രംഗത്തെത്തി.

വിഘടനവാദികൾ ആക്രമണം നടത്താൻ എത്തുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന്  തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ക്കുനേരെ വെടിവെച്ചെന്നാണ് സൈന്യം ഔദ്യോഗികമായി  വിശദീകരിക്കുന്നത് . എന്നാൽ പ്രതിഷേധം അണയ്ക്കാൻ ഇത് മതിയായില്ല. പലയിടങ്ങളിലും പൊലീസും ,സൈന്യത്തിനും നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. സംഭവത്തിൽ  വലിയ പ്രതിഷേധവുമായി രംഗത്തെത്തിയ നാഗാലാൻഡ് മുഖ്യമന്ത്രി ജനങ്ങളോട് സമാധാനം പാലിക്കണമെന്ന് ആഭ്യർത്ഥിച്ചു. സാഹചര്യം കണക്കിലെടുത്ത് കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. പിന്നാലെ സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. 

സൈന്യത്തിനെതിരെ പൊലീസ് സ്വമേധയാ  കേസ് എടുത്തു. യാതൊരു പ്രകോപനവും ഇല്ലാതെ ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്രം പതിനൊന്ന് ലക്ഷവും നാഗാലാൻഡ് 5 ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചു. മോണിൽ   കൊല്ലപ്പെട്ട ഗ്രാമീണരുടെ  സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി നെയ്ഫിയു റിയോ  അഫ്സ്പാ നിയമം പിൻവലിക്കണമെന്ന്  ആവശ്യപ്പെട്ടിരുന്നു. 

സംഭവം പ്രതിപക്ഷവും സംസ്ഥാന - കേന്ദ്ര സർക്കാരുകൾക്ക് നേരെയുള്ള ആയുധമാക്കി. നിരപരാധികളെ കേന്ദ്രം കൂട്ടക്കൊല ചെയ്തെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കിയിരുന്നു. പിന്നാലെ ഇതേ വിഷയത്തെ ചൊല്ലി പാർലമെൻ്റിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ഇരുസഭകളും പ്രബ് ഷുധമായി.

ചര്‍ച്ചയാവശ്യപ്പെട്ട് ഇരുസഭകളിലും തുടര്‍ന്ന പ്രതിപക്ഷ ബഹളത്തിന് പിന്നാലെ നാഗാൻഡിലെ സാഹചര്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിശദീകരിച്ചു.. വിഘടനവാദിളെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നും  അന്വേഷണത്തിനായി എസ്.ഐ.ടി രൂപീകരിച്ചതായും ഒരുമാസത്തിനകം റിപ്പോര്‍ട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമിത്ഷാ അറിയിച്ചു.

വെടിവെപ്പിന് പിന്നാലെ നാഗാലാൻഡിൽ അഫ്സ്പാ നിയമം പിൻവലിക്കണമെന്നാവശ്യവും  ശക്തമായിരുന്നു. ബിജെപി ഘടകകക്ഷി കൂടിയായ നാഗാലാൻഡ് സർക്കാരിന് നേതൃത്വം നൽകുന്ന  നാഗാലാൻഡ് പീപ്പിൾസ് ഫ്രണ്ടും പ്രതിഷേധം കടുപ്പിക്കുകയാണ്. നിയമം പിൻവലിക്കണമെന്ന് സംസ്ഥാന മന്ത്രിസഭയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തങ്ങളുടെ ഗ്രോത്രത്തിൽ പെട്ട അഞ്ച് പേരെ സൈന്യം വധിച്ചതോടെ ഭരണത്തിലടക്കം വലിയ പങ്കാളിത്തമുള്ള സംസ്ഥാനത്തെ പ്രഖല ഗ്രോത്രവിഭാഗ സംഘടനയായ കൊന്യാക് യൂണിയനും അമർഷത്തിലാണ്. കുറ്റക്കാരായ സൈനികർക്കെതിരെ നടപടി എടുക്കുക, സായുധ സേന പ്രത്യകാധികാര നിയമം പിൻവലിക്കുക, അസം റൈഫിൾസിനെ മോൺ ജില്ലയിൽ നിന്ന് പിൻവലിക്കുക ഉൾപ്പെടെയുള്ള അഞ്ച് ആവശ്യങ്ങൾ കൊന്യാക് യൂണിയൻ സർക്കാരിന് മുന്നിൽ വച്ചിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios