ഭോപ്പാൽ: കൊറോണ വൈറസ് ബാധയെ തുടർന്ന് കർശനമായ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ നിലിനിൽക്കുന്നതിനിടെ അന്തരിച്ച ആത്മീയ നേതാവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് ആയിരങ്ങൾ. ദദാജി എന്നറിയപ്പെടുന്ന ദേവ് പ്രഭാകര്‍ ശാസ്ത്രി (82) ആണ് അന്തരിച്ചത്.   കോണ്‍ഗ്രസ്, ബിജെപി നേതാക്കളും സിനിമാതാരങ്ങളുമടക്കമുള്ളവർ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. മധ്യപ്രദേശിലെ കത്‌നിയിലാണ് സംഭവം. ദില്ലിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ശ്വാസകോശ, വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്ചയാണ് മരിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മധ്യപ്രദേശിലേയ്ക്ക് തിരിച്ചെത്തിക്കുകയായിരുന്നു. 

സംസ്കാരചടങ്ങിനെത്തിയ ആയിരക്കണക്കിന് ആളുകള്‍ തെരുവിലൂടെ നടന്നു നീങ്ങുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും പങ്കെടുത്തവർ സാമൂഹിക അകലം പാലിച്ചുവെന്നുമാണ് കത്നി ജില്ലാ കളക്ടർ ശശി ഭൂഷൺ സിം​ഗിന്റെ ന്യായീകരണം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ, ബിജെപി നാഷണൽ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർ​ഗിയ, ​ദി​ഗ്‍വിജയ് സിം​ഗ് എന്നിവർ ചടങ്ങിൽ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചാണ് ഈ നടപടിയെന്ന് വിമർശനമുയരുന്നുണ്ട്.