പട്ടിണി സഹിക്കാനാകാതെ വന്നതോടെയാണ് നാട് വിട്ടതെന്ന് ശ്രീലങ്കയിൽനിന്ന് ധനുഷ്കോടിയിൽ എത്തിയ അഭയാർത്ഥികൾ. നാലംഗ കുടുംബമാണ് ധനുഷ്കോടിയിലെത്തിയത്. ഇവരെ രാമേശ്വരം ക്യാമ്പില്‍ എത്തിച്ചു. 

ധനുഷ്കോടി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ (SriLanka) നിന്ന് ഒരു കുടുംബം കൂടി അഭയാർത്ഥികളായി തമിഴ്നാട്ടിലെത്തി. ജാഫ്ന സ്വദേശി ആൻ്റണിയും രണ്ട് മക്കളും ഭാര്യയുമാണ് രാമേശ്വരത്തെ ധനുഷ്കോടിയിലെത്തിയത്. ഇവരെ രാമേശ്വരം മണ്ഡപം ക്യാമ്പിലെത്തിച്ചു. പട്ടിണി കിടന്ന് മരിക്കാൻ വയ്യാത്തത് കൊണ്ടാണ് ലങ്ക വിട്ടതെന്ന് ആൻ്റണി പറഞ്ഞു. ശ്രീലങ്കയിൽ നിന്ന് നേരത്തെ 16 പേർ രാമേശ്വരത്ത് എത്തിയിരുന്നു.

ശ്രീലങ്കയിലെ തലൈമാന്നാറിൽ നിന്ന് സ്പീ‍ഡ് ബോട്ടിലാണ് നാലംഗ കുടുംബം ധനുഷ്കോടിയിലെത്തിയത്. രണ്ട് വയസുകാരൻ ആകാശിനേയും ആറ് വയസുകാരി ജൻസികയേും കൊണ്ടാണ് ആൻ്റണിയും ഭാര്യയും പുലർച്ചെ നാലരയ്ക്ക് ധനുഷ്കോടിയിലെ ചെറിയൊരു തുരുത്തിലേക്ക് ചേക്കെറിയത്. മത്സ്യത്തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് മറൈൻ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്ത് രാമേശ്വരം മണ്ഡപത്ത ക്യാമ്പിലേക്ക് മാറ്റി. നാളെ കോടതിയിൽ ഹാജാരാക്കും. 

പട്ടിണി കിടന്ന് മരിക്കാൻ വയ്യാത്തത് കൊണ്ടാണ് ലങ്ക വിട്ടതെന്ന് ആൻ്റണി പറയുന്നു. മണ്ണെണ്ണ ക്ഷാമം കാരണം കടലിൽ പേയിട്ട് ഒന്നരമാസമായി. അരിക്കും മറ്റ് അവശ്യസാധനങ്ങള്‍ക്കും വലിയ വിലയാണ്. കുട്ടികൾക്ക് ഒരു നേരം ആഹാരം കൊടുക്കാൻ പോലുമാകുന്നില്ലെന്നും ആൻ്റണി പറയുന്നു. തമിഴ്നാട് സർക്കാർ അഭയാർത്ഥികളായി പരിഗണിക്കണമെന്നാണ് ആൻ്റണിയുടെയും കുടുംബത്തിന്‍റെയും അഭ്യര്‍ത്ഥന. 

ഇനിയും ധാരാളം പേർ ശ്രീലങ്കയിൽ നിന്ന് തമിഴ്നാട്ടിലേക്ക് വരാൻ തയ്യാറായി നിൽക്കുന്നുവെന്നും ഇന്ന് വന്നവർ പറയുന്നു. ഈ സാഹചര്യത്തിൽ തീര സംരക്ഷണ സേന പെട്രോളിംഗ് ശക്തമാക്കി. കഴിഞ്ഞ മാസം എത്തിയ 16 ശ്രീലങ്കൻ തമിഴ് വംശജരും മണ്ഡപം ക്യാമ്പിൽ കഴിയുകയാണ്.

YouTube video player

  • ശ്രീലങ്കയിൽ നിന്നെത്തിയ തമിഴ് വംശജരെ അംഗീകരിക്കണം എന്നാവശ്യം, തീവ്രതമിഴ് വാദം ഉയർത്തുന്ന സംഘടനകൾ പ്രതിഷേധത്തിൽ

ശ്രീലങ്കയിൽ നിന്നെത്തിയ തമിഴ് വംശജരെ അംഗീകരിക്കാത്തതിനെതിരെ പ്രതിഷേധം. തീവ്ര തമിഴ് വാദം ഉയർത്തുന്ന സംഘടനകളാണ് വരും ദിവസങ്ങളിൽ പരസ്യ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്.അഭയാർത്ഥികളായി പരിഗണിക്കണമെന്ന ശ്രീലങ്കൻ തമിഴരുടെ ആവശ്യം വൈകുകയാണ്. 

ശ്രീലങ്കൻ അഭയാർഥിപ്രശ്നം എന്നും തമിഴ്‌നാട്ടിൽ വൈകാരിക വിഷയമാണ്. അധികാരം പിടിക്കാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും തമിഴ് വാദം ഉയർത്തിക്കാട്ടാൻ തീവ്ര സംഘടനകളും ഒരേ രീതിയിൽ പ്രയോഗിക്കുന്ന വിഷയം.സാമ്പത്തിക പ്രതിസന്ധി കാരണം ശ്രീലങ്കയിൽ നിന്ന് 16 പേർ തമിഴ്നാട്ടിലെത്തിയ പുതിയ സാഹചര്യത്തിൽ തമിഴ്രാഷ്ട്രീയവും പതിയെ ആ പഴയ തമിഴ് വാദത്തിലേക്ക് കടക്കുകയാണ്. 

ചൊവ്വാഴ്ചയാണ് ശ്രീലങ്കയിൽ നിന്ന് രണ്ട് സംഘങ്ങളായി 16 പേർ തമിഴ്നാട്ടിലെത്തിയത്. അനധികൃതമായി എത്തിയ ഇവരെ ജയിലിലിടാൻ കോടതി ഉത്തരവിട്ടെങ്കിലും തമിഴ്നാട് സർക്കാരിൻറെ പ്രത്യേക അപേക്ഷ പ്രകാരം രാമേശ്വരത്തെ മണ്ഡപം ക്യ‌മ്പിലേക്ക് മാറ്റി. അന്ന് മുതൽ മണ്ഡപം ക്യാംപ് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെയും അണികളും കൊണ്ട് നിറഞ്ഞു. എന്നും ചെറു സംഘങ്ങളായി എത്തുന്ന ഇവർ ശ്രീലങ്കയിൽ നിന്നെത്തിയവരെ കാണുകയും അവർക്ക് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ശ്രീലങ്കൻ തമിഴർക്കൊപ്പമല്ലെങ്കിൽ ജനവികാരം എതിരാകുമെന്ന ചരിത്ര സത്യം ഒരു രാഷ്ട്രീയ പാർട്ടിയും മറക്കുന്നില്ല.

എന്നാൽ കടുത്ത തമിഴ് വാദം ഉയർത്തുന്ന സംഘടനകൾ ഈ വിഷയത്തിൽ നിലപാട് കുറച്ച് കൂടി കടുപ്പിച്ചിരിക്കുകയാണ്. ശ്രീലങ്കൻ തമിഴരെ അഭയാർത്ഥികളായി അംഗീകരിക്കാൻ വൈകുന്നതും അവർക്കെതിരെ എഫ്ഐആർ ഇട്ടതും നാം തമിഴർ പോലുള്ള സംഘടനകൾ അതിശക്തമായി എതിർക്കുന്നു. വരും ദിവസങ്ങളിൽ വലിയ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് തീരുമാനം. ശ്രീലങ്കൻ തമിഴ് അഭയാർഥികൾ പുറത്തുനിർത്തപ്പെടുന്നു എന്നത് വർഷങ്ങൾക്ക് മുൻപേ ഉള്ള പ്രശ്നമാണ്.വിഷയം സങ്കീർണ്ണതയിലേക്ക് പോകും മുൻപ് പ്രശ്ന പരിഹാരത്തിനാണ് തമിഴ്നാട് സർക്കാരിൻറെ ശ്രമം.