Asianet News MalayalamAsianet News Malayalam

ബെലഗാവിയില്‍ തീവ്ര ഹിന്ദു സംഘടനയായ ശ്രീറാംസേന നേതാവിന് വെടിയേറ്റു

ശ്രീറാംസേന ജില്ലാ പ്രസിഡന്റ് രവി കോകിത്കർക്കും ഡ്രൈവർ മനോജ് ദേസൂര്‍കര്‍ക്കും വെടിയേറ്റു. രവിയുടെ തോളിലും ഡ്രൈവറുടെ കയ്യിലുമാണ് വെടിയേറ്റത്.

Sri Ram Sene district chief Ravikumar Kokitkar injured in firing Belagavi 
Author
First Published Jan 8, 2023, 7:54 AM IST

ബെലഗാവി: കർണാടക - മഹാരാഷ്ട്ര അതിർത്തിയായ ബെലഗാവിയിൽ തീവ്ര ഹിന്ദു സംഘടനയായ ശ്രീറാംസേനയുടെ ജില്ലാ പ്രസിഡന്റിന്റെ വാഹനത്തിന് നേരെ വെടിവെപ്പുണ്ടായി.  ശ്രീറാംസേന ജില്ലാ പ്രസിഡന്റ് രവി കോകിത്കർക്കും ഡ്രൈവർ മനോജ് ദേസൂര്‍കര്‍ക്കും വെടിയേറ്റു. രവിയുടെ തോളിലും ഡ്രൈവറുടെ കയ്യിലുമാണ് വെടിയേറ്റത്. ഇരുവരെയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ട് പേരും അപകടനില തരണം ചെയ്തതായി പൊലീസ് വിശദമാക്കി.

ശനിയാഴ്ച വൈകീട്ടാണ് സംഭവം. 'വിരാട് ഹിന്ദു സമാവേശ്' എന്ന പേരിൽ തീവ്രഹിന്ദുസംഘടനകളുടെ സമ്മേളനം നടക്കാനിരിക്കെ ആണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ ബെലഗാവിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹിന്ദാല്‍ഗയിലേക്ക് പോവുന്നതിനിടയില്‍ മറാത്തി സ്കൂളിന് സമീപത്തെ സ്പീഡ് ബ്രേക്കറിനടുത്ത് വച്ച് കാറിന്‍റെ വേഗത കുറച്ചതിന് പിന്നാലെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിര്‍ത്തത്. മറാത്തി സംസാരിക്കുന്ന പ്രദേശങ്ങളുടെ പേരിൽ കർണാടകയും മഹാരാഷ്ട്രയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്ന ജില്ലയാണ് ബെലഗാവി. നേരത്തെ മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ കർണാടക സംസ്ഥാനത്തില്‍ ലയിക്കാൻ അനുവദിക്കണമെന്ന് സോലാപുർ ജില്ലയിലെ അക്കൽകോട്ട് താലൂക്കിലെ 11 ഗ്രാമങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

സോലാപൂരിലെ കല്ലകർജൽ, കേഗാവ്, ഷേഗാവ്, കോർസെഗാവ്, ആളഗി, ധർസാങ്, അന്ധേവാഡി (ഖുർദ്), ഹില്ലി, ദേവികാവതേ, മൻഗ്രുൾ, ഷവാൾ എന്നീ പഞ്ചായത്തുകളാണ് കര്‍ണാടകയില്‍ ലയിക്കണമെന്ന ആവശ്യം കലക്ടർക്ക് മുന്നില്‍ രേഖാമൂലം അവതരിപ്പിച്ചത്. പഞ്ചായത്തുകളില്‍ ഗതാഗത യോഗ്യമായ റോഡുകളോ വൈദ്യുതിയോ വെള്ളമോ ഇല്ലെന്നും കര്‍ണാടകയില്‍ മികച്ച സൗകര്യമുണ്ടെന്നും ഗ്രാമീണര്‍ പറഞ്ഞു. പലയിടത്തും മൊബൈല്‍ ഫോണിന് റേഞ്ച് പോലും ലഭിക്കുന്നില്ലെന്നും സ്കൂളുകളിലേക്ക് അധ്യാപകര്‍ക്ക് എത്താന്‍ പോലും സാധിക്കുന്നില്ലെന്നും പരാതിയുയര്‍ന്നു. അയൽസംസ്ഥാനമായ കർണാടകയിലെ പ്രദേശങ്ങളിൽ എല്ലാ സൗകര്യവും ലഭിക്കുന്നുണ്ടെന്നാണ് ഗ്രാമീണരുടെ വാദം.

Follow Us:
Download App:
  • android
  • ios