''ആയിരക്കണക്കിന് ആളുകളുടെ വെെകാരികമായ അടുപ്പം മുസ്ലിമുകള്‍ മനസിലാക്കണം. അവിടെ ഒരു ക്ഷേത്രം ഉണ്ട്. പക്ഷേ, ബാബറി മസ്ജിദ് പൊളിച്ചത് തെറ്റാണ്. മസ്ജിദ് പൊളിച്ചവര്‍ ക്ഷമ പറയണം. അതിന് ശേഷം ഒരു സമ്മാനം എന്ന നിലയില്‍ അവിടം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണം''
തിരുവനന്തപുരം: അയോധ്യ പ്രശ്നം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സുപ്രീംകോടതി ഇന്ന് നിര്‍ദേശിച്ചിരുന്നു. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മൂന്നംഗ സമിതിയേയും സുപ്രീംകോടതി തന്നെ നിയമിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ സമിതിയില്‍ ആത്മീയ നേതാവ് ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് മറ്റ് അംഗങ്ങള്‍.
യുപിയിലെ ഫൈസാബാദില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങണമെന്നും രഹസ്യസ്വഭാവത്തോടെ വേണം ചര്‍ച്ചയെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. നാലാഴ്ചയ്ക്കുള്ളില്‍ മധ്യസ്ഥ സംഘം ആദ്യ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണം. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ എട്ടാഴ്ച്ച സമയം മധ്യസ്ഥ സമിതിക്ക് അനുവദിച്ചു.
സുപ്രീംകോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിയെചൊല്ലി പുതിയ വിവാദം ഇതിനകം ഉടലെടുത്തിട്ടുണ്ട്. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിയില്‍ ആത്മീയ നേതാവ് ശ്രീശ്രീ രവിശങ്കര്‍ ഉള്‍പ്പെട്ടതിനെതിരെ മുസ്ലിം സംഘടനാ നേതാക്കള്‍ രംഗത്തെത്തി.
വിഷയത്തില്‍ രവിശങ്കറിന്‍റെ നിലപാടുകളാണ് മുസ്ലിം സംഘടനകളുടെ എതിര്‍പ്പിന് കാരണം. അയോധ്യയിലെ രാമക്ഷേത്രത്തിന് വേണ്ടി നിലയുറപ്പിച്ചിരുന്ന ശ്രീശ്രീ രവിശങ്കര്‍ എങ്ങനെ നിഷ്പക്ഷത ഉറപ്പുവരുത്തുമെന്ന് ചോദ്യമുയര്‍ന്നിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കില്‍ അയോധ്യ വിഷയത്തിലെ തന്‍റെ നിലപാടുകള്‍ രവിശങ്കര്‍ വ്യക്തമാക്കിയിരുന്നു.
രാമജന്മഭൂമിയില്‍ ക്ഷേത്രം വരണമെന്നത് അവിടുത്തെ ആളുകള്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ അവര്‍ക്ക് വിട്ടുകൊടുക്കണമെന്നുമാണ് അന്ന് രവിശങ്കര്‍ പറഞ്ഞത്. 1999 ഡിസംബര്‍ ആറിന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഈ നിലപാട് അദ്ദേഹം പറഞ്ഞിരുന്നു.
ഇത് ഉദ്ധരിച്ച് പോയിന്‍റ് ബ്ലാങ്കില്‍ ചോദ്യം വന്നപ്പോള്‍ തന്‍റെ നിലപാട് അത് തന്നെയാണെന്ന് ആവര്‍ത്തിക്കുകയും ഒപ്പം അന്നത്തെ ഹെെക്കോടതി വിധി അതാണെന്ന് വ്യക്തമാക്കുകയുമായിരുന്നു. തര്‍ക്കത്തിലുള്ള രണ്ട് മതങ്ങള്‍ തമ്മില്‍ സൗഹാര്‍ദപരമായ ചര്‍ച്ചയാണ് നടത്തേണ്ടത്.
ഇപ്പോഴും ക്ഷേത്രം എന്ന നിലയില്‍ അവിടെ ആളുകള്‍ പോകുന്നുണ്ട്. അത് വെെകാരികമായ ഒരു അടുപ്പമാണ്. ആയിരക്കണക്കിന് ആളുകളുടെ വെെകാരികമായ അടുപ്പം മുസ്ലിമുകള്‍ മനസിലാക്കണം. അവിടെ ഒരു ക്ഷേത്രം ഉണ്ട്. പക്ഷേ, ബാബറി മസ്ജിദ് പൊളിച്ചത് തെറ്റാണ്. മസ്ജിദ് പൊളിച്ചവര്‍ ക്ഷമ പറയണം.
അതിന് ശേഷം ഒരു സമ്മാനം എന്ന നിലയില്‍ അവിടം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണം. നമ്മള്‍ മുന്നോട്ടാണ് പോകേണ്ടത്. പഴയ കാര്യങ്ങളെ അംഗീകരിക്കാതെ, ഭാവിയിലേക്ക് ഒരു കൃത്യമായ പരിഹാരം കാണാതെ എപ്പോഴും പൊളിച്ചു പൊളിച്ചു എന്ന് പറയുന്നത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആ സ്ഥലം രണ്ട് കൂട്ടര്‍ക്കും വേണ്ടെന്നും രണ്ടിടങ്ങളില്‍ പോയി ആരാധനാലയങ്ങള്‍ പണിയട്ടെ എന്നുള്ള വാദത്തോടും രവിശങ്കര്‍ പോയിന്‍റ് ബ്ലാങ്കില്‍ പ്രതികരിക്കുന്നുണ്ട്. അങ്ങനെ പറയുന്നത് കമ്മ്യൂണിസ്റ്റുകളാണ്. കോടിക്കണക്കിന് ഗ്രാമവാസികള്‍ക്ക് ആ സ്ഥലത്തോട് വലിയ ബന്ധമാണുള്ളത്.
ഒരു മതത്തിന് മാത്രമാണ് അവിടം ഒരു വിശുദ്ധ സ്ഥാനമായുള്ളത്. പ്രശ്നത്തിലുള്ള രണ്ടാമത്തെ മതത്തിന് അതൊരു വിശുദ്ധ സ്ഥലമല്ല. ഇസ്ലാമിന്‍റെ വിശ്വാസങ്ങള്‍ക്ക് എതിരായാണ് അവിടെ മസ്ജിദ് പണിഞ്ഞിരുന്നത്. ഈ വിഷയം കൂടുതല്‍ സംസാരിക്കാന്‍ താത്പര്യമില്ലെന്ന് പറയുന്ന രവിശങ്കര്‍ മതങ്ങളെ ഒരുമിച്ച് കൊണ്ടു വരുന്നതിനും എല്ലാവരുടെ മുഖത്തും ചിരിയെത്തിക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്നും അന്ന് പറഞ്ഞു
പോയിന്‍റ് ബ്ലാങ്കിന്‍റെ ശ്രീശ്രീ രവിശങ്കറുമായുള്ള എപിസോഡ് കാണാം

