ദില്ലി: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെകെ രാഗേഷ് എംപി പ്രധാനമന്ത്രിക്ക് കത്തെഴുതി. അവകാശങ്ങള്‍ക്കായി സമാധാനപരമായി പോരാടുന്നവരെ ജയിലില്‍ അടയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് കെകെ രാഗേഷ് ആവശ്യപ്പെട്ടു. സ്വാമിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് എംപിമാരായ തോമസ് ചാഴിക്കാടനും ടിഎന്‍ പ്രതാപനും പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഫാദര്‍ സ്റ്റാന്‍ സ്വാമിയെ വിട്ടയക്കണമെന്ന ആവശ്യം ശക്തമാക്കി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ രംഗത്തെത്തി. ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നാളെ നടക്കുന്ന പരിപാടികളോട് സഹകരിക്കുമെന്ന്  മുഖ്യമന്ത്രി ഹേമന്ത് സോറന്‍ വ്യക്തമാക്കി. മതനിരപേക്ഷ സമൂഹം ഉണരണമെന്ന കെസിബിസി ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന സിപിഎം പിബി അംഗം എംഎ ബേബി വ്യക്തമാക്കി.

ഫാദര്‍ സ്റ്റാന്‍സ്വാമിയെ എന്‍ഐഎ പ്രതിചേര്‍ത്തതിന് എതിരെ ഝാര്‍ഖണ്ട് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ധാര്‍ഷ്ട്യം പ്രകടമാകുന്നു എന്ന് ഹേമന്ത് സോറന്‍ പറഞ്ഞു. പ്രതിഷേധങ്ങളില്‍ പങ്കുചേരാന്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പ്രവര്‍ത്തകരോടും ഹേമന്ത് സോറന്‍ നിര്‍ദ്ദേശിച്ചു. നാളെ വൈകിട്ട് നാലു മുതല്‍ അഞ്ചുവരെ പ്രതിഷേധത്തിനാണ് ഈശോസഭ ആഹ്വാനം ചെയ്തത്.

ഖനി ഉടമകളുടെ താല്‍പര്യം സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ നീക്കത്തിന് പിന്നിലെന്ന് സിപിഎംപിബി അംഗം എംഎ ബേബി കുറ്റപ്പെടുത്തി. കെസിബിസി ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും എംഎ ബേബി പറഞ്ഞു.