ദില്ലി: തനിക്ക് നേരിട്ട യാത്രാവിലക്കിനെതിരെ പ്രതികരിച്ച ഇൻഡി​ഗോ പൈലറ്റിന് അഭിനന്ദനം അറിയിച്ച് സ്റ്റാൻഡ്അപ് കൊമേഡിയൻ കുനാൽ കമ്ര. മാധ്യമപ്രവർത്തകനായ അർണബ് ​ഗോസ്വാമിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കുനാൽ കമ്രയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ സംഭവത്തിെനെതിരെ ഇൻഡി​ഗോ പൈലറ്റ് രം​ഗത്ത് വന്നിരുന്നു. ട്വീറ്റിലൂടെയാണ് കുനാൽ പൈലറ്റിന് അഭിനന്ദനമറിയിച്ചിരിക്കുന്നത്. അർണബിനോട് കുനാൽ കമ്ര മോശമായി പെരുമാറിയിട്ടില്ല എന്നായിരുന്നു പൈലറ്റിന്‍റെ വിശദീകരണം. കൂടാതെ മാനേജ്മെന്റ് തന്നോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാതെയാണ് കമ്രയ്ക്കെതിരെ നടപടിയെടുത്തതെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു.

നാല് എയർലൈനുകളാണ് കുനാൽ കമ്രയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പൈലറ്റായ തന്നോട് അന്വേഷിക്കാതെ സോഷ്യൽമീഡിയയിലെ വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഇൻഡി​ഗോ നടപടി എടുത്തിരിക്കുന്നതെന്ന് ഇദ്ദേഹം അയച്ച മെയിലിൽ പറഞ്ഞു. ഇൻഡി​ഗോയ്ക്ക് പുറമെ എയർ ഇന്ത്യ, സ്പൈസ് ജെറ്റ്. ​ഗോ എയർ എന്നീ വിമാനക്കമ്പനികളും കമ്രയ്ക്ക് ആറ് മാസത്തെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇൻഡിഗോയുടെ നടപടിയെ പിന്തുണച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്‌ സിംഗ് പുരി രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള യാത്രക്കാർക്ക് എതിരെ സമാനമായ നടപടി എടുക്കണമെന്ന് മറ്റ് എയർലൈൻസുകളോട് സംഭവത്തെക്കുറിച്ച് ആവശ്യപ്പെടുന്നതായും മന്ത്രി ട്വീറ്റ് ചെയ്തിരുന്നു. 

എന്നാല്‍ കുനാല്‍ കമ്രയ്ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ നടപടിയെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അര്‍ണബും റിപ്പബ്ലിക്കിലെ തൊഴിലാളികളും അന്യരുടെ സ്വകാര്യ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്നത് എങ്ങനെയെന്ന് കാണിച്ച് കൊടുക്കുകയായിരുന്നു കുനാലെന്ന് ശശി തരൂര്‍ എം പി ട്വീറ്റ് ചെയ്തു.