ദില്ലി: രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം വര്‍ധിക്കുന്നു. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കൊവിഡ് രോഗികളുടെ ഏറ്റവും പുതിയ കണക്കുകള്‍  വലിയ ആശങ്കയുണ്ടാക്കുന്നതാണ്. ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് തമിഴ്നാട്ടിൽ 4328 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 66 പേരാണ് കൊവിഡിന് കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്ത് 2032 പേരാണ് ഇതുവരെ രോഗബാധിതരായി മരിച്ചത്. ഇതുവരെ 1,42,798 പേര്‍ക്ക് രോഗം ബാധിച്ചു. കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയ 6 പേർക്ക് കൂടി ഇന്ന് കൊവിഡ് ബാധിച്ചു. 

അതേ സമയം കർണാടകത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം കാൽ ലക്ഷത്തിലേക്ക് കടക്കുകയാണ്. ബംഗ്ലൂരിലാണ് കൊവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുന്നത്. കർണാടകത്തിൽ ഇന്ന് 2738 രോഗികളാണുള്ളത്. ഇതിൽ 1315 രോഗികൾ ബംഗളുരുവിൽ നിന്നുള്ളതാണ്. സംസ്ഥാനത്ത് ഇതുവരെ ആകെ 41,581 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 24,572 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് 73 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് മരണസംഖ്യ 757 ആയി ഉയര്‍ന്നു. 

അതേ സമയം രാജ്യത്ത് കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച മഹാരാഷ്ട്രയിൽ 24 മണിക്കൂറുകള്‍ക്കുള്ളിൽ 6,497 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 193 പേര്‍ രോഗബാധിതരായി മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതര്‍ 2,60,924 ലേക്ക് എത്തി. 10,482 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ആന്ധ്ര പ്രദേശിൽ 1935 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 37 പേർ മരിച്ചു. ആകെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവർ 31,103 ആയി. ആകെ മരണം 365 ആയി.