ഝാർഖണ്ഡ്: ഝാര്‍ഖണ്ഡിലെ ഹസാരിബാഗിൽ മഹാത്മാഗാന്ധിയുടെ പൂർണ്ണകായ പ്രതിമ അജ്ഞാതർ തകർത്തതായി പോലീസ് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നഗരത്തിലെ കുംഹാർ ടോളി എന്നയിടത്ത് പ്രതിമ നിന്നിരുന്ന സ്ഥലത്ത് വീണുകിടക്കുന്നതായി ശ്രദ്ധയിൽ പെടുകയായിരുന്നു. പ്രതിമയിൽ നിന്ന്  വലതു കൈ വേർപ്പെട്ടതായി കണ്ടെത്തി.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നും എന്നാൽ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം അധികൃതരെ അറിയിച്ചതെന്നും മഹാത്മാഗാന്ധി സ്മാരക് വികാഷ് നയാസ് (എം‌ജി‌എസ്‌വി‌എൻ) പ്രസിഡന്റ് മനോജ് വർമ ​​പറഞ്ഞു. ''ശനിയാഴ്ച വൈകുന്നേരം ഞങ്ങൾ സർദാർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. എന്നാൽ ഞായറാഴ്ചയാണ് പോലീസ് സ്ഥലം സന്ദർശിച്ചത്.'' മനോജ് വർമ്മ പറഞ്ഞു.

“ഞങ്ങൾ ഞായറാഴ്ച സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമൂഹ്യവിരുദ്ധരാണ് പ്രതിമ തകർത്തതിന് പിന്നിലെന്നാണ് കരുതുന്നത്. എന്നിരുന്നാലും, അന്വേഷണം പൂർത്തിയായതിനുശേഷം മാത്രമേ മറ്റെന്തെങ്കിലും പറയാൻ സാധിക്കൂ. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.'' ഹസാരിബാഗിലെ കട്കാംഡാഗ് പോലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോ​ഗസ്ഥൻ ​ഗൗതംകുമാർ പറഞ്ഞു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.