മൻസ : പഞ്ചാബിലെ മൻസ ജില്ലയിലെ ഹസ്‌പൂരിൽ താമസിക്കുന്ന മഹാവീർ ജെയ്ൻ എന്ന യുവാവ് തന്റെ മോട്ടോർ സൈക്കിളിൽ തൊട്ടടുത്ത ഗ്രാമത്തിലേക്കുള്ള യാത്രയിലായിരുന്നു. സാമാന്യം വേഗത്തിൽ റോഡിലൂടെ പോയ്കൊണ്ടിരിക്കുമ്പോൾ ഒരു തെരുവുപശു പെട്ടെന്ന് കുറുകെച്ചാടി. അപ്രതീക്ഷിതമായി കടന്നുവന്നതുകൊണ്ട് ബ്രേക്ക് ചവിട്ടിയിട്ട് വണ്ടി നിന്നില്ല. പശുവിനെ ഇടിച്ച് തെറിച്ചുവീണ മഹാവീർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു. സെപ്റ്റംബർ മാസത്തിൽ ഇതുവരെ തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കൾ കാരണം മരിക്കുന്ന അഞ്ചാമത്തെ വ്യക്തിയാണ് മഹാവീർ ജെയ്ൻ. 

ഇന്ന് മൻസയിലെ 'സ്ട്രെയ് കാറ്റിൽ സംഘർഷ് സമിതി' നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടക്കുകയാണ്.  ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട് പഞ്ചാബ് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് ഭഗവത് മാൻ ഇങ്ങനെ പറഞ്ഞു, " ഇത് സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്ന ഒരു വിഷയമാണ്. ഒരു പക്ഷേ, ഇവിടത്തെ കർഷക ആത്മഹത്യകളെക്കാൾ ഭയാനകം. പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയെക്കാൾ ഭീതിദം. വരുന്ന സെഷനിൽ ഞങ്ങൾ ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കാനിരിക്കുകയാണ്. എന്റെ ഒരു സുഹൃത്തിനെ എനിക്ക് ഈ തെരുവുപശുക്കൾ കാരണം നഷ്ടപ്പെട്ടു." 
മഹാവീറിന്റെ മരണാനന്തരം നടന്ന കാൻഡിൽ ലൈറ്റ് റാലിയിൽ പങ്കെടുത്ത മൻസയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ മംഗത് റായ് ബൻസാൽ, പ്രസ്തുത വിഷയത്തെപ്പറ്റി പഠിക്കാൻ അഞ്ചംഗ കമ്മിറ്റി നിയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു. പ്രശ്നങ്ങൾ ഉടനെ പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.

ഈ വിഷയത്തിലുള്ള പ്രതിഷേധം പ്രകടിപ്പിക്കാനായി സെപ്തംബർ 13-ന്  സമിതി ബന്ദ് ആചരിച്ചിരുന്നു. അന്നുമുതൽ പ്രതിഷേധവും തുടരുകയാണ്. ജില്ലാ ഭരണാധികാരികൾ ഈ പ്രശ്നം പരിഹരിക്കാൻ വീണ്ടും വിധം ഇടപെടുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി. എന്തായാലും ധർണ്ണകൾക്കു പിന്നാലെ അമ്പതോളം പശുക്കളെ റോഡിൽ നിന്ന് നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടം തയ്യാറായി. എന്നാലും പ്രശ്നം പൂർണ്ണമായും പരിഹരിക്കപ്പെട്ടു എന്ന് പറയാറായിട്ടില്ല. ഇനിയും നിരവധി പശുക്കൾ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ, റോഡിൽദിവസേനയെന്നോണം അപകടങ്ങൾക്ക്  കാരണമായിക്കൊണ്ട് മൻസയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ട്.