ഹൈദരബാദ്: ലോറി ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ച പുലിയെ തുരത്തി തെരുവുനായകള്‍. തെലങ്കാനയില്‍ നിന്നാണ് ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വരുന്നത്. പാഞ്ഞ് വരുന്ന പുലിയെ കണ്ട് രണ്ട് പേര്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതും അതിനിടയില്‍ ഒരാളുടെ കാലില്‍ പുലി പിടികൂടുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയിലാണ് കുടുങ്ങിയത്. 

പുലിയെ കണ്ട് രണ്ട് വഴിക്ക് ഓടുന്ന രണ്ട് പേര്‍. ഒരാള്‍ ചാടി ലോറിയില്‍ കയറുന്നു. മറ്റൊരാള്‍ സമീപത്തെ കെട്ടിടത്തിലെ മുറിയിലേക്ക് കയറാന്‍ നോക്കുന്നു. അതിന് സാധിക്കാതെ ട്രെക്കില്‍ കയറാന്‍ നോക്കുന്ന രണ്ടാമന്‍റെ കാലില്‍ പുലി പിടികൂടുന്നു. ഇയാളെ ട്രെക്കില്‍ നിന്ന് വലിച്ച് താഴെയിടാന്‍ ശ്രമം പാഴായ പുലി സമീപത്തെ കെട്ടിടത്തിലേക്ക് കയറാന്‍ നോക്കുന്നു. ഇതിനിടയിലാണ് ഒരുകൂട്ടം തെരുവുനായകള്‍ പുലിയുടെ അടുത്തേക്ക് എത്തുന്നത്. പേടിച്ച് പുലിയുടെ ചുറ്റും തെരുവുനായകള്‍ കൂടുന്നു. ഇവയെ ആക്രമിക്കാന്‍ നോക്കുന്നുണ്ടെങ്കിലും പുലി പതിയെ സ്ഥലം വിടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

വ്യാഴാഴ്ച രാവിലെയാണ് സംഭവം നടക്കുന്നത്. ഹൈദരബാദിലെ കാര്‍ഷിക സര്‍വ്വകലാശാലയുടെ കുളത്തിന് സമീപം കഴിഞ്ഞ ദിവസമാണ് പുലിയുടെ കാല്‍പാടുകള്‍ കണ്ടെത്തിയത്. ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വന്യമൃഗങ്ങള്‍ പട്ടാപ്പകല്‍ മനുഷ്യവാസമുള്ള മേഖലയില്‍ കറങ്ങി നടക്കുന്ന ദൃശ്യങ്ങള്‍ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.