Asianet News MalayalamAsianet News Malayalam

ഒരു മണിക്കൂറിൽ തെരുവുനായ ഓടിച്ചിട്ട് കടിച്ചത് 29 പേരെ പിന്നാലെ ഞെട്ടിക്കുന്ന പരിശോധനാഫലം

സ്കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി പേരെ കടിച്ച തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു. ഈ നായയെ പരിശോധനയ്ക്ക് വിധേയമാക്കിയതിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്

stray dog killed by locals after biting 29 in one hour test positive for rabies etj
Author
First Published Nov 30, 2023, 10:18 AM IST

ചെന്നൈ: ഒരു മണിക്കൂറിനുള്ളിൽ 29 പേരെ ഓടിച്ചിട്ട് കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തമിഴ്നാട്ടിലെ ചെന്നൈയിൽ സ്കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി പേരെ കടിച്ച തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു. ഈ നായയെ പരിശോധനയ്ക്ക് വിധേയമാക്കിയതിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ചെന്നൈയിലെ റോയാപുരം ഭാഗത്താണ് ഏതാനും ദിവസം മുന്‍പ് തെരുവുനായയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസമാണ് മദ്രാസ് വെറ്റിനറി കോളേജ് പരിശോധനാഫലം പുറത്ത് വിട്ടത്.

10 സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവർക്കാണ് നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. പരിക്കേറ്റവരിൽ 24 പേരുടെ മുറിവ് ആഴമുള്ളതായിരുന്നു. നായ കടിയേറ്റ എല്ലാവർക്കും റാബീസ് വാക്സിന്‍ നൽകിയിട്ടുണ്ട്. ഇവർ നിരീക്ഷണത്തിൽ തുടരുകയാണ്. സംഭവം വലിയ കോലാഹലം സൃഷ്ടിച്ചതിന് പിന്നാലെ പ്രദേശത്ത് നിന്ന് 52 തെരുവുനായകളേയാണ് നഗരസഭാ ജീവനക്കാർ പിടികൂടിയത്.

പിന്നാലെ നായകളുടെ സെന്‍സസ് എടുക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തിരക്കേറിയ ജി എ റോഡിലൂടെ പാഞ്ഞു നടന്ന തെരുവുനായ മുന്നിൽ കണ്ടവരേയെല്ലാം ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാർ സംഘടിച്ചെത്തി നായയെ തല്ലിക്കൊന്നത്. റോഡ് സൈഡിൽ കിടന്ന നായ പെട്ടന്ന് ആക്രമണകാരിയാവുകയായിരുന്നുവെന്നാണ് നാട്ടുകാർ ആക്രമണത്തേക്കുറിച്ച് പ്രതികരിച്ചത്. നായയുടെ ആക്രമണത്തിൽ മിക്ക ആളുകള്‍ക്കും കാലിനാണ് പരിക്കേറ്റത്. കടിക്കുക മാത്രമല്ല കടിച്ച് കുടയാനും നായ ശ്രമിച്ചതായാണ് പരിക്കേറ്റവർ പ്രാദശിക മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഉടമസ്ഥന്‍ ഉപേക്ഷിച്ചതെന്ന് കരുതപ്പെടുന്ന നായ ഏറെ നാളുകളായി തെരുവിലുണ്ടെന്നാണ് പ്രദേശവാസികള്‍ പ്രതികരിക്കുന്നത്. തെരുവുനായ ശല്യം കാര്യക്ഷമമായി കൈകാര്യം ചെയ്യാത്തതിൽ പ്രദേശവാസികള്‍ കോർപ്പറേഷനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. വെറ്റിനറി കോളേജിന് സമീപത്തായി വളർത്തുനായകളെ വ്യാപകമായി ഉപേക്ഷിക്കുന്നതും അടുത്തിടെ വർധിച്ചതായാണ് നാട്ടുകാർ വിശദമാക്കുന്നത്. 2022ൽ 16000ത്തോളം തെരുവുനായകളെയാണ് കോർപ്പറേഷന്‍ പിടികൂടി വന്ധ്യംകരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios