പനാജി: ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ തെരുവുപട്ടികളിറങ്ങിയതിനെത്തുടർന്ന് വിമാനമിറക്കാനായില്ല. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് വിമാനം ഇറക്കാനാകാതെ വലഞ്ഞത്.  മുംബയിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനം റൺവേ തൊടുന്നതിന് നിമിഷങ്ങള്‍ മാത്രം അവശേഷിക്കെയാണ് റണ്‍വേയില്‍ തെരുവ് നായ്ക്കള്‍ കൂട്ടമായി നില്‍ക്കുന്നത് പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.

ഉടൻ എയർട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് വിമാനം 15 മിനിറ്റോളം ആകാശത്ത് പറന്നു. റണ്‍വേയിലുള്ള പട്ടികളെ ഓടിച്ച് സുരക്ഷിതമാക്കിയതിന് ശേഷമാണ് വിമാനം താഴെയിറക്കിയത്. പൈലറ്റിന്‍റെ ജാഗ്രതയില്‍ വന്‍ അപകടമാണ് ഒഴിവായത്. ഇറങ്ങാന്‍ വൈകിയത് അന്വേഷിച്ച യാത്രക്കാരോട് പൈലറ്റ് സംഭവം പറഞ്ഞു. ഒരു യാത്രക്കാരനാണ് സംഭവം സോഷ്യൽ മീഡിയയിലൂടെ പുറത്തറിയിച്ചത്. രാത്രിയായതിനാൽ തെരുവുനായ്ക്കളെ കാണാൻ സാധിച്ചില്ലെന്നാണ് വിമാനത്താവളം അധികൃതരുടെ വിശദീകരണം.