ദില്ലി: കൊവിഡ് 19 ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് കർശന മുന്നറിയിപ്പ് നൽകി ദില്ലി സർക്കാർ. ക്വാറന്റൈൻ ലംഘിച്ചാൽ അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ദില്ലി സർക്കാരിന്റെ ഉത്തരവ്. പകർച്ച വ്യാധി തടയല്‍ നിയമ പ്രകാരമായിരിക്കും നടപടിയെടുക്കുക. മാർച്ച് 1 മുതൽ ഏകദേശം 35000 ഓളം ആളുകൾ വിദേശത്ത് നിന്ന് മടങ്ങിയെത്തിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇവർ നിർബന്ധമായും 14 ദിവസം ക്വാറന്റൈനിൽ കഴിയുന്നുവെന്ന് ഉറപ്പാക്കേണ്ടതാണെന്ന് ജില്ലാ മജിസ്ട്രേറ്റിനോടും മറ്റ് ടീമം​ഗങ്ങളോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുമായി സമ്പർക്കം പുലർത്തുന്നവരും കർശനമായി ക്വാറന്റൈനിൽ കഴിയണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു. 

ക്വാറന്റൈൻ ലംഘിക്കുന്നവർക്ക് വേണ്ടി പ്രത്യേക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. പകർച്ചവ്യാധി നിയമ പ്രകാരം ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് ഈ ഉത്തരവിൽ ആവർത്തിക്കുന്നുണ്ട്. ക്വാറന്റൈൻ ലംഘിച്ച് പുറത്ത് കറങ്ങി നടക്കുന്നവരെ തിരികെ വീടുകളിലേക്കോ ആശുപത്രികളിലേക്കോ എത്തിക്കാനും അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും ജില്ലാ മജിസ്ട്രേറ്റിനെ അധികാരപ്പെടുത്തിയിരിക്കുന്നു. ആരോ​ഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ഉത്തരവ് പാലിക്കാത്ത പക്ഷം ഒരു മാസം വരെ തടവും 200 രൂപ പിഴയും ഈടാക്കും. മറ്റൊരാൾക്ക് കൂടി രോ​ഗം പകർന്ന സാഹചര്യമുണ്ടായാൽ ആറുമാസം വരെ തടവും 1000 രൂപ പിഴയും അടക്കേണ്ടി വരും. മാർച്ച് 31 വരെ ദില്ലി പൂർണ്ണമായി അടച്ചിടാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ 27 കോവിഡ് 19 കേസുകളാണ് ദില്ലിയിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 21 പേരും വിദേശത്തുനിന്ന് എത്തിയവരാണ്.