ദില്ലി: ദില്ലിയില്‍ രൂക്ഷമായ വായുമലിനീകരണം തടയുന്നതിന്‍റെ ഭാഗമായി സുപ്രീംകോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും അയല്‍സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് യഥേഷ്ടം തുടരുകയാണ്. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കരുതെന്ന കോടതി നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ ജോലി കാണില്ലെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി മുന്നറിയിപ്പ് നൽകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിട്ടും സ്ഥിതിയിൽ വലിയ മാറ്റമില്ലെന്നതാണ് പഞ്ചാബിലെ കാഴ്ച. എന്നാൽ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ദില്ലിയില്‍ കഴിഞ്ഞ അ‍ഞ്ചുദിവസമായി വായുമലിനീകരണത്തില്‍ കുറവു വന്നിട്ടുണ്ട്.

Read More: ദില്ലി അന്തരീക്ഷ മലിനീകരണം: പാടത്ത് തീയിട്ടതിന് പഞ്ചാബിൽ 80 കർഷകരെ പൊലീസ് അറസ്റ്റ് ചെയ്തു

ഇക്കഴിഞ്ഞ നവംബര്‍ നാലാം തീയ്യതി 562 ആയിരുന്നു ദില്ലിയിലെ വായുമലിനീകരണത്തോത്. പിന്നീടുള്ള ദിവസങ്ങളില്‍ വായുമലിനീകരണത്തില്‍ വലിയ കുറവുണ്ടായി.251,222, 197 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിലെ വായുഗുണനിലവാരത്തോത്. അതായത് വളരെ മോശം എന്ന നിലവാരത്തില്‍ നിന്ന് വായുഗുണനിലവാരം കുറേയേറെ മെച്ചപ്പെട്ടു.

Read More: ദില്ലിയിലെ വിഷവായു: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ നിര്‍ത്തിപ്പൊരിച്ച് സുപ്രീംകോടതി

അതിനിടയില്‍ ആണ് കഴിഞ്ഞ നവംബര്‍ 6 ന് സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. സ്വമേധയാ കേസെടുത്ത സുപ്രീംകോടതി പഞ്ചാബ് ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ വിളിച്ചുവരുത്തി അതിരൂക്ഷമായി വിമര്‍ശിച്ചു. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ കര്‍ഷകര്‍ക്ക് ഇന്‍സെന്‍റീവ് വരെ കൊടുക്കണമെന്ന നിര്‍ദ്ദേശവുമുണ്ടായി.

പഞ്ചാബ് ജലന്ധര്‍ ദേശീയപാതയോട് ചേര്‍ന്ന പാടത്തുനിന്നുള്ള കാഴ്ച

 

ഇത്രയേറെ നടപടികളുണ്ടായിട്ടും ദില്ലിയിലെ അയല്‍സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തുടരുകയാണ്. സുപ്രീംകോടതിയില്‍ കേസ് വരുന്നതിന് മുമ്പ് ഉണ്ടായ അത്രയും കത്തിക്കല്‍ ഇപ്പോഴില്ലെങ്കിലും ദേശീയ പാതയോരത്തെ പാടങ്ങളില്‍ പോലും കര്‍ഷകര്‍ കാര്‍ഷികാവശിഷ്ടം കത്തിക്കുന്ന കാഴ്ചകള്‍ ആണ് കാണാനാകുന്നത്. 

Read More: ദില്ലിയില്‍ വിഷവായു, കശ്മീരില്‍ കനത്ത മഞ്ഞു വീഴ്ച: ഉത്തരേന്ത്യയില്‍ ജനജീവിതം ദുസഹം