ദില്ലി: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ ജനജീവിതം ദുസഹമാകുന്നു. രാജ്യതലസ്ഥാനമായ ദില്ലിയില്‍ വായു മലിനീകരണം കൂടുതല്‍ ശക്തമായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. യമുനാ നദിയില്‍ മലിനീകരണം രൂക്ഷമായതോടെ വെള്ളപ്പത നിറയുകയും മീനുകള്‍ ചത്തു പൊന്തുകയും ചെയ്തു.  കശ്മീരില്‍ മഞ്ഞു വീഴ്ച അതിശക്തമായതോടെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. കനത്ത മഞ്ഞു വീഴചയെ തുടര്‍ന്ന് ലേ- ശ്രീനഗര്‍ ദേശീയപാത അടച്ചു. 

കശ്മീരിലെ ശ്രീനഗര്‍, ഷോപ്പിയാന്‍ മേഖലകളിലാണ് അതി ശൈത്യം അനുഭവപ്പെടുന്നത്. 5-6 ഡിഗ്രി സെല്‍ഷ്യല്‍സ് താപനിലയാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ഗതാഗതം പ്രതിസന്ധിയിലായി. ശ്രീനഗര്‍ ലേ ദേശീയ പാത വെള്ളിയാഴ്ച വരെ അടച്ചിടുമെന്നാണ് അറിയിപ്പ്. രണ്ട് വിമാനസര്‍വ്വീസുകള്‍ റദ്ദാക്കിയതായി ശ്രീനഗര്‍ വിമാനത്താവള അധികൃതര്‍ അറിയിച്ചു. 

വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ നിന്ന് ബേസ് ക്യാമ്പിലേക്കുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസുകളും റദ്ദാക്കി. അറബിക്കടലില്‍ കര്‍ണ്ണാടക -ഗുജറാത്ത് തീരത്തിന് സമീപം രൂപമെടുത്ത ചുഴലിക്കാറ്റ് മഞ്ഞുവീഴ്ച കൂടാന്‍ കാരണമായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തി. ഇതിനിടെ ദില്ലിയില്‍ വായുമലിനീകരണ തോത് വീണ്ടും കൂടി. ഇന്നലെ 175 വരെ താഴ്ന്നിരുന്നെങ്കില്‍ ഗുണനിലവാര സൂചികയില്‍ മലിനീകരണ തോത് ഇന്ന് മുന്നൂറ് പോയിന്‍റിന് മുകളിലാണ്.

യമുന നദിയില്‍ മലനീകരണം രൂക്ഷമായി.വെളുത്ത പത നിറഞ്ഞ നദിയില്‍ മീനുകള്‍ ചത്തുപൊങ്ങുന്നു. വായുമലിനീകരണം തടയാന്‍ ഏര്‍പ്പെടുത്തിയ ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണത്തെ ചോദ്യം ചെയ്ത് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍ ഹര്‍ജിയെത്തി. ഇതടക്കം സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഒരു കൂട്ടം ഹര്‍ജികള്‍ കോടതി നാളെ പരിഗണിക്കും. വാഹന നിയന്ത്രണത്തിന്‍റെ  പ്രായോഗികത നേരത്തെ കോടതി ചോദ്യം ചെയ്തിരുന്നു. മലിനീകരണം തടയാന്‍ നിയ്ന്ത്രണം ഗുണം ചെയ്യുമെന്ന ദില്ലി സര്‍ക്കാരിന്‍റെ അവകാശവാദം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന് ജസ്റ്റിസ് അരുണ്‍മിശ്ര നിര്‍ദ്ദേശിച്ചിരുന്നു.