കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ തലയില്‍ വച്ച ശേഷമാണ്  വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചത്. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. 

ബെംഗളൂരു: പരീക്ഷകളിലെ കോപ്പിയടി തടയാന്‍ സിസിടിവി ഉള്‍പ്പെടെയുള്ള നൂതന സംവിധാനങ്ങള്‍ നിലവിലുള്ളപ്പോള്‍ സാങ്കേതിക വിദ്യയുടെ സഹായമില്ലാത്ത 'പരിഷ്കാര' മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ് ബെംഗളൂരുവിലെ ഒരു കോളേജ്. കുട്ടികള്‍ കോപ്പിയടിക്കാതിരിക്കാന്‍ എല്ലാവരുടെയും തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ വെച്ചുകൊടുത്താണ് കോളേജ് അധികൃതര്‍ പുതിയ മാര്‍ഗം നടപ്പിലാക്കിയത്.

ഭഗത് പ്രീ യൂണിവേഴ്സിറ്റിയിലാണ് കോളേജ് അധികൃതര്‍ കോപ്പിയടി തടയാന്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളെ ആശ്രയിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ആദ്യവര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥികളെയാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ തലയില്‍ സ്ഥാപിച്ച ശേഷം പരീക്ഷ എഴുതാന്‍ അനുവദിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവം വിവാദമാവുകയായിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എസ് എസ് പീര്‍ജാഡ് കോളേജിലെത്തി പേപ്പര്‍ ബാഗുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. കോളേജ് പ്രിന്‍സിപ്പാളിനെ താക്കീത് ചെയ്ത അദ്ദേഹം വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി.

Scroll to load tweet…