ശിശുസംരക്ഷണ കേന്ദ്രത്തില്‍ വനിതാ ഉദ്യോഗസ്ഥയെ കുട്ടികള്‍ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
ലഖ്നൗ: ശിശുസംരക്ഷണ കേന്ദ്രത്തില്‍ വനിതാ ഉദ്യോഗസ്ഥയെ കുട്ടികള്‍ മര്‍ദ്ദിച്ചു. റായ്ബറേലിയിലെ ഗാന്ധിസേവ നികേതനിലാണ് ഉദ്യോഗസ്ഥയായ മമ്ത ദുബെയെയാണ് കുട്ടികള്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.
എന്നാല്‍ വിദ്യാര്‍ത്ഥികള്‍ തന്നെ ഉപദ്രവിക്കുന്നത് ഇതാദ്യമായല്ലെന്നും ദിവസങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥികള്‍ തന്നെ ശുചിമുറിയില്‍ പൂട്ടിയിട്ടിരുന്നതായും മമ്ത പറഞ്ഞു. സംഭവത്തിന് ശേഷം രണ്ടുദിവസത്തിന് ശേഷം തിരികെ ഗാന്ധിസേവ നികേതനിലെത്തിയ തന്നെ ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നെന്ന് മമ്ത പറഞ്ഞു. കുട്ടികളിലൊരാള്‍ ഇവരെ കസേര കൊണ്ടടിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ മമ്ത ജില്ലാ ഭരണാധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ അനാഥരെന്ന് വിളിച്ചതാണ് കുട്ടികളെ പ്രകോപിച്ചതെന്ന് മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ മാനേജറാണ് തന്നെ ആക്രമിക്കാന്‍ കുട്ടികളെ പ്രേരിപ്പിച്ചതെന്നും മാനേജറുമായി നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും മമ്ത ദുബൈയും പ്രതികരിച്ചു.
