പാറ്റ്‌ന: ബിഹാറില്‍ പരീക്ഷാഹാളില്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ക്ലാസ് മുറിക്ക് പുറത്ത് പരീക്ഷയെഴുതി. പാറ്റ്‌നയിലെ ആര്‍എല്‍എസ്‌വൈ കോളേജിലെത്തിയ വിദ്യാര്‍ഥികളാണ് കോളേജ് ഇടനാഴിയിലും ഗ്രൗണ്ടിലും ഇരുന്ന് പരീക്ഷയെഴുതിയത്. എന്നാല്‍ പരീക്ഷയില്‍ വ്യാപക കോപ്പിയടി നടന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട് പറയുന്നു.

ഏറെ കുട്ടികളെ ഉള്‍ക്കൊള്ളുന്ന പരീക്ഷാഹാളിന്‍റെ അഭാവമാണ് സംഭവത്തിന് കാരണമെന്ന് കോളേജിലെ പരീക്ഷയുടെ ചുമതലയുള്ള ഡോ. രാജേശ്വര്‍ പ്രസാദ് പ്രതികരിച്ചു. 

'രണ്ടായിരം വിദ്യാര്‍ഥികളെ മാത്രം ഉള്‍ക്കൊള്ളാനുള്ള കപ്പാസിറ്റിയാണ് കോളേജിലെ പരീക്ഷാഹാളിനുള്ളത്. എന്നാല്‍ 5000ത്തിലധികം വിദ്യാര്‍ഥികള്‍ പരീക്ഷയ്‌ക്കെത്തി. അതിനാലാണ് ഇങ്ങനെ സംഭവിച്ചത്. ഏറെ കുട്ടികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പരീക്ഷാഹാള്‍ നിര്‍മ്മിക്കാതെ പ്രശ്‌നം പരിഹരിക്കാനാവില്ല. അധികൃതരെ ബന്ധപ്പെട്ടെങ്കിലും നിര്‍മാണം നടന്നില്ല. പരീക്ഷാഹാളിന്‍റെ അഭാവം മോശം കൈയക്ഷരം മൂലം ഫലങ്ങളെ ബാധിക്കുന്നതായും' അദേഹം വ്യക്തമാക്കി.