അനന്തപുര്‍: വിദ്യാര്‍ത്ഥികളുടെ കൈയും കാലും കൂട്ടി സ്കൂള്‍ ബെഞ്ചില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ കദിരി ടൗണിലുള്ള സ്കൂളിലാണ് രണ്ട് വിദ്യാര്‍ത്ഥികളെ ബെഞ്ചില്‍ കെട്ടിയിട്ടതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രണയലേഖനം എഴുതിയതിനാണ് മൂന്നാം ക്ലാസുകാരനെ കെട്ടിയിട്ടത്. സഹപാഠിയുടെ വസ്തു എടുത്തതിന് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെയും സമാനരീതിയില്‍ ബെഞ്ചില്‍ കെട്ടിയിട്ടു. 

സ്കൂളിലെ പ്രധാനാധ്യാപികയാണ് വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചതെന്നാണ് ആരോപണം. ഇത്തരം നടപടികള്‍ തന്‍റെ സ്കൂളില്‍ അനുവദിക്കില്ലെന്ന് അവര്‍ കുട്ടികളുടെ രക്ഷിതാക്കളോട് പറഞ്ഞു. എന്നാല്‍ ഇത് നിഷേധിച്ച പ്രധാനാധ്യാപിക കുട്ടികളുടെ രക്ഷിതാക്കളിലൊരാളാണ് ഇവരെ ബെഞ്ചില്‍ കെട്ടിയിട്ടതെന്ന് പറഞ്ഞു. പക്ഷേ സ്കൂള്‍ കെട്ടിടത്തിനകത്ത് ഇത്തരമൊരു സംഭവം ഉണ്ടായിട്ടും അധ്യാപിക  പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

ഇങ്ങനെയുള്ള ശിക്ഷാനടപടികള്‍ സ്കൂളില്‍ ആദ്യമായല്ല നല്‍കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അച്യുത റാവു രംഗത്തെത്തി.