വിദ്യാര്‍ത്ഥികള്‍ ഗേറ്റ് പൂട്ടുമ്പോള്‍ ക്യാമ്പസിനുള്ളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം 200-ഓളം പേരുണ്ടായിരുന്നു.
കൊല്‍ക്കത്ത: അഡ്മിഷന്‍ ഫോമിന്‍റെ വിലവര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ ക്യാമ്പസിനുള്ളില്‍ പൂട്ടിയിട്ടതായി പരാതി. പശ്ചിമ ബംഗാളിലെ ബിര്‍ഭം ജില്ലയിലെ വിശ്വഭാരതി സര്‍വകലാശാലയിലാണ് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിന്‍റെ ഗേറ്റ് പുറത്തുനിന്ന് പൂട്ടിയെന്നാരോപിച്ച് വൈസ് ചാന്‍സലര്‍ ബിദ്യുത് ചക്രവര്‍ത്തി പരാതി നല്‍കിയത്.
അഡ്മിഷന്‍ ഫോമിന്‍റെ വിലയില്‍ 20 ശതമാനമാണ് വര്‍ധനവ് ഉണ്ടായത്. വിദ്യാര്‍ത്ഥികള്‍ ഗേറ്റ് പൂട്ടുമ്പോള്‍ ക്യാമ്പസിനുള്ളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം 200-ഓളം പേരുണ്ടായിരുന്നു. വിദ്യാര്‍ത്ഥികളുടെ നടപടി ദൗര്‍ഭാഗ്യകരമായെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.
ഫോമിന്‍റെ വിലകൂട്ടിയതില്‍ ഏകദേശം ഒരാഴ്ചയോളമായി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലായിരുന്നു. ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ കോളേജ് ഓഡിറ്റോറിയത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അഡ്മിഷന്‍ ഫോമിന്‍റെ വില വര്‍ധിപ്പിച്ചെന്ന ആരോപണം കോളേജ് അധികൃതര്‍ നിഷേധിച്ചു.
