ദില്ലി: അതിർത്തിയിലെ ചൈനീസ് സേനാ സാന്നിധ്യം സുരക്ഷാ ഭീഷണിയെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഗൽവാനിലെ സംഘർഷം ഇന്ത്യ ചൈന ബന്ധത്തെ പിടിച്ചുലച്ചെന്നും രാഷ്ട്രീയ നയതന്ത്ര പ്രത്യാഘാതങ്ങൾക്കിത് ഇടയാക്കിയെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. 

ലഡാക്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന ചൈനീസ് നിർദ്ദേശം ഇന്ത്യ ഇന്നലെ തള്ളിയിരുന്നു. ലഡാക്കിനെയും അരുണാചൽ പ്രദേശിനെയും കുറിച്ച് സംസാരിക്കാൻ ചൈനയ്ക്ക് ഒരു കാര്യവുമില്ല. സേന പിൻമാറ്റത്തിൽ സംയുക്തപ്രസ്താവനയിലുള്ള ധാരണ നടപ്പാക്കും എന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യവക്താവ് ഇന്നലെ പറഞ്ഞിരുന്നു. 

ഇതിനിടെ യുദ്ധത്തിന് സജ്ജമായിരിക്കണമെന്നും അതീവ ജാഗ്രത പുലർത്തണമെന്നും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് സേനയോട് ആവശ്യപ്പെട്ടു. തായ്വാൻ കടലിടുക്കിലെ അമേരിക്കൻ കപ്പലിന്‍റെ സാന്നിധ്യത്തെ ചൊല്ലി തർക്കം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ചൈനീസ് പ്രസിഡന്‍റിന്‍റെ ഈ നിർദ്ദേശം.