ചെന്നെെ: ട്വിറ്ററില്‍ പേരിനൊപ്പം മറ്റ് ബിജെപി നേതാക്കള്‍ ചേര്‍ക്കുന്നത് പോലെ ചൗകിദാര്‍ എന്ന് തനിക്ക് ഉള്‍പ്പെടുത്താനാകില്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ബ്രാഹ്മണനായതിനാല്‍ പേരിനൊപ്പം ചൗകിദാര്‍ എന്ന് ചേര്‍ക്കാനാകില്ലെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കിയത്.

ബ്രാഹ്മണനായതിനാല്‍ ഒരിക്കലും ചൗകിദാറാകില്ല. അതൊരു പ്രധാനകാര്യമാണ്. താന്‍ ചൗകിദാറുകള്‍ക്ക് ഉത്തരവുകള്‍ നല്‍കും. അവര്‍ അത് നടപ്പാക്കും. ചൗകിദാറുകളെ നിയമിക്കുന്നതിലൂടെ അതാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്നും ബിജെപി നേതാവ് പറഞ്ഞു. ട്വിറ്ററില്‍ തരംഗമായ പ്രധാനമന്ത്രിയുടെ 'മേ ഭി ചൗക്കിദാർ' ക്യാമ്പയിന്‍ ഫേസ്ബുക്കിലേക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തിച്ചിരുന്നു.

ട്വിറ്ററില്‍ വന്‍ പ്രചാരം നേടിയ 'മേ ഭി ചൗക്കിദാര്‍'  ക്യാമ്പയിനിന് മാര്‍ച്ച് ആറിനാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ തുടക്കം കുറിച്ചത്. രാഹുല്‍ ഗാന്ധിയുടെ 'ചൗക്കിദാര്‍ ചോര്‍ ഹേ'(കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പ്രചാരണത്തിന് മറുപടിയായാണ് മോദി പുതിയ ക്യാമ്പയിനുമായി രംഗത്തെത്തിയത്.