Asianet News MalayalamAsianet News Malayalam

ഊര്‍ജ്ജസ്വലതയുള്ള നേതൃത്വം വേണമെന്ന് സിപിഐ; ജനൽ സെക്രട്ടറി സുധാകർ റെഡ്ഡി സ്ഥാനം ഒഴിഞ്ഞേക്കും

അനാരോഗ്യം കാരണം സുധാകര്‍ റെഡ്ഡിക്ക് പാര്‍ട്ടിയെ നയിക്കാനാകുന്നില്ല. ഊര്‍ജ്ജസ്വലതയുള്ള നേതൃത്വം വേണമെന്ന നിലപാടിലാണ് കേരളാ ഘടകം. 

Sudhakar Reddy may left General Secretary position of cpi
Author
Delhi, First Published Jun 4, 2019, 11:56 AM IST

ദില്ലി:  ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി ചർച്ച ചെയ്യാൻ ചേർന്ന സിപിഐ ദേശീയ നിർവ്വാഹക സമിതി യോഗത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജി സന്നദ്ധത അറിയിച്ച് സുധാകർ റെഡ്ഡി. സ്ഥാനം ഒഴിയാമെന്ന സുധാകർ റെഡ്ഡിയുടെ നിർദ്ദേശം അടുത്ത മാസം ചേരുന്ന സിപിഐ ദേശീയ കൗൺസിൽ യോഗം ചർച്ച ചെയ്യും. എന്നാൽ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കൂട്ടായ ഉത്തരവാദിത്വമാണ് പാർട്ടിക്കുള്ളതെന്നും അതിനാൽ ജനറൽ സെക്രട്ടറി സ്ഥാനത്ത്  തുടരണമെന്നും തന്നോട് നിർവ്വാഹകസമിതി ആവശ്യപ്പെട്ടതായി സുധാകർ റെഡ്ഡി പറഞ്ഞു. അടുത്ത മാസം 19ന് സിപിഐ ദേശീയ കൗൺസിൽ ദില്ലിയിൽ ചേരും. കൗൺസിലിൽ സുധാകർ റെഡ്ഡിയുടെ നിർദ്ദേശം ചർച്ചയ്ക്കു വരുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ തഴിഴ്നാട്ടിൽ ഡിഎംകെയുടെ സഹായത്തോടെ രണ്ടു പേരെ വിജയിപ്പിക്കാനായത് മാത്രമാണ് സിപിഐയുടെ നേട്ടം. സിപിഐയിൽ ഇപ്പോൾ നിർണ്ണായക സ്വാധീനമുള്ള കേരള ഘടകത്തിൻറെ ശക്തമായ പിന്തുണ ഇപ്പോൾ സുധാകർ റെഡ്ഡിക്കുണ്ട്. എന്നാൽ അനാരോഗ്യം കാരണം സുധാകർ റെഡ്ഡിക്ക് സംസ്ഥാനങ്ങളിൽ എത്തി പാർട്ടിയെ ചലിപ്പിക്കാൻ ആകുന്നില്ല. ഈ സാഹചര്യത്തിൽ സുധാകർ റെഡ്ഡിയുടെ നിർദ്ദേശം കൗൺസിൽ ചർച്ചയ്ക്കെടുക്കണം എന്ന നിലപാട് കേരള നേതാക്കൾക്കുമുണ്ട്. 

ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയെ നിയമിച്ച് അടുത്ത പാർട്ടി കോൺഗ്രസ് വരെ സുധാകർ റെഡ്ഡി തുടരുക എന്ന നിർദ്ദേശവും വന്നേക്കും. സുധാകർ റെഡ്ഡി ഒഴിഞ്ഞാൽ ഡി രാജയാണ് ദേശീയ സെക്രട്ടറിയേറ്റിൽ അടുത്ത മുതിർന്ന അംഗം. ദേശീയരംഗത്തെ ഇടപെടൽ മറ്റ് പ്രതിപക്ഷ നേതാക്കളുമായുള്ള ബന്ധം എന്നിവ ഡി രാജയ്ക്ക് അനുകൂല ഘടകമാണ്. കേരളത്തിലെ നേതാക്കളുടെ നിലപാട് നിർണ്ണായകമാകും. 

 ബിനോയ് വിശ്വത്തിൻറെ പേര് സംസ്ഥാന നേതാക്കൾ മുന്നോട്ടു വച്ചേക്കാം. അതുൽകുമാർ അഞ്‍‍‍ജാൻ, അമർജീത് കൗർ എന്നിവരുടെ പേരുകളും ചർച്ചകളിൽ ഉയർന്നു വരാം.
 

Follow Us:
Download App:
  • android
  • ios