ഇഡി പല തവണ റെയ്ഡ് നടത്തിയിട്ടുള്ളതാണ്, എന്നിട്ടും പണമൊന്നും കണ്ടെത്തിയില്ല, ഇതിന്‍റെ സത്യാവസ്ഥ കോടതിയെ ധരിപ്പിക്കുമെന്നാണ് സുനിത വിശദമാക്കിയത്.

ദില്ലി: മദ്യനയ കേസില്‍ പണം ആർക്ക് കിട്ടിയെന്ന് നാളെ കോടതിയിൽ വെളിപ്പെടുത്തുമെന്ന് അരവിന്ദ് കെജ്രിവാള്‍. ഇക്കാര്യത്തിലെ തെളിവ് കോടതിക്ക് നല്‍കുമെന്നും ഭാര്യ സുനിത കെജ്രിവാളിന് നൽകിയ സന്ദേശത്തിലൂടെ കെജ്രിവാള്‍ വ്യക്തമാക്കി. 

വിചാരണക്കോടതിയിൽ നാളെ കെജ്രിവാളിനെ ഹാജരാക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 250 റെയ്ഡുകള്‍ ഇഡി നടത്തി, ഇതുവരെ ഒരു രൂപ കണ്ടെത്താനായില്ല, ഇഡി പറയുന്ന അഴിമതി കഥയുടെ സത്യം നാളെ വിചാരണക്കോടതിയിൽ വെളിപ്പെടുത്തും, പണം ആർക്ക് പോയെന്ന് തെളിവുകൾ സഹിതം കോടതിയെ അറിയിക്കുമെന്നുമാണ് കെജ്രിവാള്‍ ഭാര്യ സുനിതക്ക് നൽകിയ സന്ദേശം.

കെജ്രിവാളിന്‍റെ അഭാവത്തില്‍ ദില്ലിയുടെ ചുമതല സുനിത ഏറ്റെടുക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വരുന്നതിനിടെയാണ് വാര്‍ത്താസമ്മേളനം നടന്നിരിക്കുന്നത്. 

കെജ്രിവാളിന്‍റെ ആരോഗ്യനില അത്ര സുഖകരമല്ല ഷുഗറുണ്ട് എന്നും സുനിത കെജ്രിവാള്‍ അറിയിച്ചു. തന്‍റെ ശരീരം മാത്രമാണ് തടവിലായിരിക്കുന്നത്, ആത്മാവ് ഇപ്പോഴും എല്ലാവര്‍ക്കുമൊപ്പമാണ്ഒ, ന്ന് കണ്ണടച്ചാല്‍ മതി തന്നെ തൊട്ടരികില്‍ അനുഭവിക്കാമെന്ന കെജ്രിവാളിന്‍റെ വൈകാരികമായ വരികളും സുനിത വാര്‍ത്താസമ്മേളനത്തില്‍ വായിച്ചു.

അതേസമയം കെജ്രിവാളിന്‍റെ അറസ്റ്റില്‍ രാജ്യവ്യാപകമായി ആം ആദ്മി പാര്‍ട്ടിയും, ഇന്ത്യ മുന്നണിയുടെ ബാനറില്‍ കോൺഗ്രസും പ്രതിഷേധങ്ങള്‍ നടത്തിവരികയാണ്. മദ്യ നയ കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയും, തെലങ്കാനയിലെ ബിആര്‍എസ് നേതാനും മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിതയും നേരത്തേ അറസ്റ്റിലായതാണ്.

Also Read:- 102 ലോക്‍സഭാ മണ്ഡലങ്ങളിൽ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും; പ്രമുഖര്‍ പത്രിക നല്‍കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo