ബതല, പഞ്ചാബ്: പൊതുപരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചെയ്തും സിനിമാ ഡയോലോഗ് പറഞ്ഞും ബിജെപി എംപി സണ്ണി ഡിയോള്‍. ഗുരുദാസ്പൂര്‍ എംപിയും ഹിന്ദി നടനുമായ സണ്ണി ഡിയോള്‍ ഞായറാഴ്ച ബതലയിലെ ബിആര്‍ ബാവാ ദേവ് കോളേജിലെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം നൃത്തം ചെയ്തത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

'ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരാണ് നിങ്ങള്‍. പലര്‍ക്കും  ഇത്തരം സാഹചര്യങ്ങള്‍ ലഭിക്കാറില്ല. മാതാപിതാക്കള്‍ പറയുന്നത് അനുസരിക്കണം. അവര്‍ നിങ്ങളുടെ നല്ലതിന് വേണ്ടിയാണ് പറയുന്നത്'- സണ്ണി ഡിയോള്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു. 

അടുത്തിടെ സണ്ണി ഡിയോളിനെ കാൺമാനില്ല എന്ന പോസ്റ്റർ പഞ്ചാബിലെ പത്താൻകോട്ടിലെ ചിലയിടങ്ങളിൽ പതിച്ചിരുന്നു.  'കാണാതായ  എം പി സണ്ണി ഡിയോളിനെ അന്വേഷിക്കുന്നു' എന്നാണ് റെയിൽവേ സ്റ്റേഷനിൽ കാണപ്പെട്ട പോസ്റ്ററിലെ വാചകങ്ങൾ. തിരക്കായതിനാൽ തന്റെ അസാന്നിദ്ധ്യത്തിൽ മണ്ഡലത്തിലെ കാര്യങ്ങൾ നോക്കാനും യോ​ഗങ്ങളിൽ പങ്കെടുക്കാനും പ്രതിനിധിയെ വച്ചതിനെ തുടർന്ന് സണ്ണി ഡിയോളിനെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു.

Read More: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരാൻ തെലങ്കാന സർക്കാർ
എഴുത്തുകാരനായ ​ഗുൽപ്രീത് സിം​ഗ് പൽഹേരിയെ ആണ് പ്രതിനിധിയായി സണ്ണി ഡിയോൾ ഏർപ്പെടുത്തിയത്. അതുപോലെ തന്നെ പാർലമെന്റിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കുറവായിരുന്നു. പാർലമെന്റിന്റെ ആദ്യ സെഷനിൽ വെറും ഒൻപത് ദിവസം മാത്രമാണ് അദ്ദേഹം ഹാജരായത്. 28 ദിവസം ഹാജരുണ്ടായിരുന്നില്ല.