ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ(സിഎഎ) നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ തെലങ്കാന സര്‍ക്കാര്‍. തെലങ്കാന മുഖ്യമന്ത്രി കെ സി ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിസാണ് സിഎഎക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. തെലങ്കാനയില്‍ ഭരിക്കുന്ന പാര്‍ട്ടിയായ ടിആര്‍എസിന് പിന്തുണ നല്‍കുന്ന പാര്‍ട്ടിയാണ് അസദുദ്ദീന്‍ ഉവൈസിയുടെ ആള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍(എഐഎംഐഎം).

പൗരത്വ നിയമ ഭേദഗതിക്കെതിരെ തെലങ്കാന സര്‍ക്കാര്‍ നിയമസഭാ പ്രമേയം പാസാക്കണമെന്ന് ഉവൈസി മുഖ്യമന്ത്രിയെക്കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു. തെലങ്കാനയില്‍ ഏഴ് സീറ്റുകളാണ് ഒവൈസിയുടെ പാര്‍ട്ടിക്കുള്ളത്. എന്തൊക്കെ വിമര്‍ശനമേറ്റാലും സിഎഎയുമായി കേന്ദ്രം മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി പറഞ്ഞ അതേ ദിവസമാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളമാണ് സിഎഎക്കെതിരെ ആദ്യമായി നിയമസഭ പ്രമേയം പാസാക്കിയത്. പിന്നാലെ ബംഗാള്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നിവിടങ്ങളിലും നിയമസഭാ പ്രമേയം പാസാക്കി. 

സിഎഎക്കെതിരെ ഇന്ത്യയുടെ പലഭാഗത്തും സമരങ്ങള്‍ തുടരുകയാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ 2014ന് മുമ്പെത്തിയ മുസ്ലീങ്ങളൊഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് സിഎഎ.