ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ നിലവിലെ നിരക്കിൽ തുടർന്നാൽ, നിലവിൽ രാജ്യത്ത് വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്നതിനേക്കാൾ 250 ശതമാനം ആളുകൾക്ക് വെള്ളപ്പൊക്കം നേരിടേണ്ടി വരുമെന്നും പഠനത്തിൽ പറയുന്നു.

ലണ്ടൻ: കാലാവസ്ഥാ വ്യതിയാനം (Climate change) മൂലമുണ്ടാകുന്ന സൂപ്പർ സൈക്ലോണുകൾ (Super cyclones) ഭാവിയിൽ ഇന്ത്യയിൽ കൂടുതൽ വിനാശകരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് പഠനം. ബ്രിട്ടനിലെ ബ്രിസ്റ്റോൾ സർവ്വകലാശാലയിലെ ഗവേഷകർ 2020 ലെ സൂപ്പർ സൈക്ലോണായ ആംഫാനെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോളതാപനം (Global warming) മൂലം സമുദ്രനിരപ്പ് ഉയരുന്നതിനെ തുടർന്നുണ്ടാകുന്ന പ്രത്യാഘാതങ്ങളും പഠനത്തിൽ വിഷയമായി. ക്ലൈമറ്റ് റിസൈലൻലസ് ആൻഡ് സസ്റ്റൈനബിലിറ്റി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ നിലവിലെ നിരക്കിൽ തുടർന്നാൽ, നിലവിൽ രാജ്യത്ത് വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്നതിനേക്കാൾ 250 ശതമാനം ആളുകൾക്ക് വെള്ളപ്പൊക്കം നേരിടേണ്ടി വരുമെന്നും പഠനത്തിൽ പറയുന്നു. സൂപ്പർ സൈക്ലോണുകൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നതും ബാധിക്കുന്നതുമായ ലോകത്തിലെ ഏറ്റവും കാലാവസ്ഥാ ദുർബല പ്രദേശങ്ങളിലൊന്നാണ് ദക്ഷിണേഷ്യയെന്ന് പഠനത്തിന്റെ പ്രധാന ​ഗവേഷകനും ബ്രിസ്റ്റോൾ സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്ര പ്രൊഫസറമായ ഡാൻ മിച്ചൽ പറഞ്ഞു. താരതമ്യേന കാലാവസ്ഥാ ആഘാത ഗവേഷണം വളരെ കുറച്ച് മാത്രമേ ദക്ഷിണേഷ്യയിൽ നടന്നിട്ടുള്ളൂ. ഈ രം​ഗത്ത് കൂടുതൽ പഠനങ്ങൾ വേണമെന്നും മിച്ചൽ പറഞ്ഞു. പാരീസ് ഉടമ്പടി പ്രകാരം ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ കുറയ്ക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തെ അനുകൂലമാകുമെന്ന വാദത്തിന് പിൻബലമേകുന്നതാണ് പഠനം. 

താളം തെറ്റുന്ന ഞാറ്റുവേല, കളമൊഴിയുന്ന കൃഷി

കാലാവസ്ഥാ പ്രവചനത്തിനായി അത്യാധുനിക സംവിധാനം ഉപയോ​ഗിക്കുന്നതിനാൽ കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ നേരിട്ട് ബാധിക്കുന്നവരുടെ എണ്ണം കുറക്കാൻ കഴിയും. എങ്കിൽ പോലും ബംഗ്ലാദേശിൽ വെള്ളപ്പൊക്കം ബാധിക്കുന്നവരുടെ എണ്ണം 60 ശതമാനം മുതൽ 70 ശതമാനം വരെ ഉയരുമെന്ന് കണക്കാക്കുന്നു. ഭാവിയിൽ തീരദേശ ജനസംഖ്യ കുറയുന്നതിന് കാലാവസ്ഥാ വ്യതിയാനം കാരണമാകുമെന്നും ഗവേഷകർ പറഞ്ഞു.

പാരീസ് ഉടമ്പടിയുടെ പ്രകാരം ഡിഗ്രി സെൽഷ്യസ് കുറയ്ക്കാൻ സാധിച്ചാൽ ബംഗ്ലാദേശിൽ വെള്ളപ്പൊക്കം ബാധിക്കുന്നവരുടെ എണ്ണം കുറയും. എന്നാൽ പോലും ഇന്ത്യയിൽ 50 ശതമാനം മുതൽ 80 ശതമാനം വരെ ആളുകൾക്ക് വെള്ളപ്പൊക്കം മൂലമുണ്ടാകുമെന്ന പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്നും ​ഗവേഷകർ പറഞ്ഞു. 

ആഗോള ശരാശരി താപനില വ്യവസായിക കാലഘട്ടത്തിന് മുമ്പുള്ളതിനേക്കാൾ 2 ഡിഗ്രി സെൽഷ്യസിനു താഴെയായി നിലനിർത്തുകയും താപനില വർധനവ് 1.5 ഡിഗ്രി സെൽഷ്യസിലേക്ക് കുറക്കുകയുമാണ് പാരീസ് ഉടമ്പടിയുടെ പ്രധാന ലക്ഷ്യം. ഏറ്റവും പുതിയ ഐപിസിസി റിപ്പോർട്ട് പ്രകാരം,സൂപ്പർ സൈക്ലോണുകൾ ഭാവിയിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് ബംഗ്ലാദേശ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി സർവകലാശാലയിലെ (BUET) ഹൈഡ്രോളജി പ്രൊഫസറും ​ഗവേഷകനുമായ സൈഫുൾ ഇസ്ലാം പറഞ്ഞു. 

പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വികസ്വര, അവികസിത രാജ്യങ്ങളുടെ നഷ്ടവും കുറയ്ക്കുന്നതിനും ശക്തവും വേഗത്തിലുള്ളതും സുസ്ഥിരവുമായ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ കുറക്കാനുള്ള നയരൂപീകരണം അനിവാര്യമാണെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.