ദില്ലി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന്  സുപ്രീംകോടതി. ഇതുസംബന്ധിച്ച ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. 

സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ, ജംയത്തുൽ ഉലമ -  ഹിന്ദ് എന്നീ സംഘടനകളുടെ ഹർജികളിലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്. മുത്തലാഖ്‌  നിയമം ഭരണ ഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹര്ജിക്കാരുടെ  ആവശ്യം. 

ജസ്റ്റിസുമാരായ  എൻ വി രമണ, അജയ് രസ്‌തോഗി എന്നിവർ അടങ്ങിയ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്. മതാചാരം അസാധുവാക്കിയ ശേഷവും അത് തുടർന്നാൽ എന്ത് ചെയ്യാനാകും എന്ന് സുപ്രിം കോടതി ചോദിച്ചു. സ്ത്രീധനം,ബാല വിവാഹം ഉൾപ്പടെയുള്ള ഉള്ള അനാചാരങ്ങൾ തുടർന്നാൽ എന്തു ചെയ്യാനാവും എന്നും കോടതി   ചോദിച്ചു.   ഭാര്യയുടെ മൊഴി മാത്രം കേട്ട്  ജാമ്യത്തിൽ തീരുമാനമെടുക്കുക , മൂന്നു  വർഷത്തിൽ കുറഞ്ഞ ശിക്ഷ ഇല്ല, അന്തിമ ഫലം അനുഭവിക്കേണ്ടത് ഭാര്യയാണ് തുടങ്ങിയ കാര്യങ്ങളിലാണ് ആശങ്ക എന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു.

മുസ്ലീം സമുദായത്തിൽ ഭാര്യയുമായി വിവാഹമോചനം നേടാൻ ഭർത്താവിന് തലാഖ് എന്ന് മൂന്ന് വട്ടം ചൊല്ലിയാൽ മതിയെന്ന ചട്ടമാണ് നിയമത്തിലൂടെ സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ജൂലൈ 30നാണ് മുത്തലാഖ് നിരോധന ബില്ല് രാജ്യസഭയില്‍ പാസ്സായത്.