Asianet News MalayalamAsianet News Malayalam

മതചിഹ്നവും പേരും, രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ആവശ്യം; മുസ്ലിം ലീഗിന് കക്ഷി ചേരാമെന്ന് സുപ്രീം കോടതി

മതപരമായ ചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന മുസ്ലിം ലീഗ്, ഹിന്ദു ഏകതാ ദള്‍, അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യദ് വാസിം റിസ്വിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്

Supreme Court allowed the Muslim League to join the petition which is to ban political parties using religious symbols and names
Author
First Published Nov 25, 2022, 9:32 PM IST

ദില്ലി: കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ മുസ്ലിം ലീഗിനെ കക്ഷി ചേര്‍ക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് മുസ്ലിം ലീഗിനെ കക്ഷി ചേര്‍ക്കാന്‍ അനുമതി നൽകിയത്. മറുപടി സത്യവാങ്മൂലം നൽകാൻ കോടതി മൂന്നാഴ്ച സമയവും  നല്‍കി. എന്നാല്‍ വിദ്വേഷ കേസിലെ പ്രതിയാണ് ലീഗിനെ നിരോധിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന് ലീഗിന്‍റെ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ സുപ്രീം കോടതിയില്‍ വാദിച്ചു. മതപരമായ ചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന മുസ്ലിം ലീഗ്, ഹിന്ദു ഏകതാ ദള്‍, അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യദ് വാസിം റിസ്വിയാണ് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

പള്ളി ഇമാമിൽ നിന്ന് 21 ലക്ഷം തട്ടിയ ശേഷം മുങ്ങി, മലപ്പുറം സ്വദേശിയെ കളമശേരി പൊലീസ് തിരുവനന്തപുരത്ത് പിടികൂടി

അതേസമയം സുപ്രീം കോടതിയിൽ നിന്ന് ഇന്ന് പുറത്ത് വരുന്ന മറ്റൊരു വാ‍ർത്ത സുപ്രീംകോടതി ലൈവ് സംപ്രേഷണത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക പങ്കുവച്ച് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് രംഗത്തെത്തി എന്നതാണ്. ലൈവ് സംപ്രേഷണത്തിനായി പ്രത്യേക സംവിധാനം ആരംഭിച്ചു കഴിഞ്ഞാല്‍ ലൈവ് വീഡിയോകള്‍ മാത്രമായിരിക്കും ഉണ്ടാകുകയെന്ന് അദ്ദേഹം ചൂണ്ടികാട്ടി. മുന്‍കൂട്ടി അപേക്ഷ നല്‍കുന്ന അര്‍ഹരായവര്‍ക്കു മാത്രമേ അതിലേക്ക് പ്രവേശനം അനുവദിക്കൂ എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഗവേഷകര്‍, ഹര്‍ജിക്കാര്‍, അഭിഭാഷകര്‍ എന്നിവര്‍ക്കായിരിക്കും ലൈവ് സംപ്രേഷണം കാണാന്‍ അവസരം നല്‍കുക എന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.

ലൈവ് വീഡിയോകളുടെ പകര്‍പ്പവകാശം സുപ്രീംകോടതിക്കു മാത്രമായിരിക്കുന്നു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് ചൂണ്ടിക്കാട്ടി. ലൈവ് സംപ്രേഷണത്തിനുള്ള നിയമങ്ങള്‍ രൂപീകരിക്കുമ്പോള്‍ ഇന്ദിര ജയ്‌സിംഗിന്റെ നിര്‍ദേശങ്ങള്‍ കൂടി സുപ്രീംകോടതി സെക്രട്ടറി ജനറലിന് നല്‍കണമെന്ന് ചീഫ് ജസ്റ്റീസ് നിര്‍ദേശിച്ചു. മിക്കവാറും ഹൈക്കോടതികള്‍ ഇപ്പോള്‍ ലൈവ് സംപ്രേഷണം നടത്തുന്നുണ്ട്. ഇതിനായി ഒരു സ്വന്തം സംവിധാനമൊരുക്കേണ്ടതാണ്. ഇത്രയും വലിയൊരു രാജ്യത്ത് ഇന്റര്‍നെറ്റ് ലഭ്യതയില്‍ ഒട്ടേറെ പ്രതിബന്ധങ്ങളുള്ള കാര്യം കൂടി കണക്കിലെടുക്കേണ്ടതാണെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios