മതത്തിന്റെ പേരിലുള്ള അധിക്ഷേപം അഭിപ്രായ സ്വാതന്ത്ര്യമായി കാണാനാകില്ല. ഒരു സമുദായത്തെ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്നും കോടതി

ദില്ലി: ഒരു സമുദാത്തെ സംശയത്തിന്‍റെ നിഴലിൽ നിര്‍ത്തുന്നത് മാധ്യമ സ്വാതന്ത്ര്യമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. സിവിൽ സര്‍വ്വീസിൽ മുസ്ളീങ്ങൾ നുഴഞ്ഞുകയറുന്നു എന്ന് ആരോപിച്ച് ഹിന്ദി ചാനലായ സുദര്‍ശൻ ടിവി നടത്തിയ പരിപാടി തടഞ്ഞുകൊണ്ടാണ് സുപ്രീംകോടതി ഇത് പറഞ്ഞത്. സുദര്‍ശൻ ടിവിയിലെ വിവാദ പരിപാടിക്ക് കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം അനുമതി നൽകിയിരുന്നു. അത് ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. 

ഇത്തരം പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യമായി കാണാനാകില്ല. ദൃശ്യമാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പരിധി എത്രത്തോളം എന്നത് പരിശോധിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. അതിനായി അഞ്ചംഗ സമിതി രൂപീകരിക്കണമെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ടുവെച്ചു. രാഷ്ട്രീയ സ്വാധീനമില്ലാത്ത സമൂഹത്തിലെ ഉന്നത വ്യക്തികൾ സമിതിയിൽ അംഗമാകണമെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് , ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു. ചില മാധ്യമങ്ങൾ ചര്‍ച്ചകൾ നടത്തുന്ന രീതി ആശങ്കപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു.