മന്ത്രി പൊൻമുടിക്ക് തിരിച്ചടി; അഴിമതി കേസിലെ പുനഃപരിശോധനയിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി
മന്ത്രിയുടെ ഹർജി ചീഫ് ജസ്റ്റീസ് ബെഞ്ച് അംഗീകരിച്ചില്ല. മന്ത്രിക്ക് ഹൈക്കോടതിയിൽ കാര്യങ്ങൾ ബോധിപ്പിക്കാം എന്നും സുപ്രീം കോടതി വ്യക്തമാക്കി.

ചെന്നൈ: തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. അഴിമതികേസിലെ പുന:പരിശോധനയിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മന്ത്രിയുടെ ഹർജി ചീഫ് ജസ്റ്റീസ് ബെഞ്ച് അംഗീകരിച്ചില്ല. മന്ത്രിക്ക് ഹൈക്കോടതിയിൽ കാര്യങ്ങൾ ബോധിപ്പിക്കാം എന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റീസ് ആനന്ദ് വെങ്കിടേഷിനെ പോലുള്ള ജഡ്ജിമാരെ ഓർത്ത് നന്ദി പറയുന്നു എന്നും ജസ്റ്റീസ് ആന്നദിന്റെ നിരീക്ഷണങ്ങൾ ശരിയായിരുന്നു എന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
മന്ത്രിയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി ഉത്തരവിൽ, സ്വമേധയാ റിവിഷൻ നടപടിയുമായി മദ്രാസ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് ആനന്ദ് വെങ്കിടേശിന്‍റേതായിരുന്നു ഈ അസാധാരണ നടപടി. കീഴ് കോടതി ഉത്തരവുകളിൽ പിഴവുണ്ടോയെന്ന് സ്വമേധയാ പരിശോധിക്കാൻ, ഹൈക്കോടതികൾക്ക് സിആർപിസി 397ആം വകുപ്പ് നൽകുന്ന അധികാരത്തിലൂടെയാണ്, മന്ത്രി കെ പൊന്മുടിക്കെതിരായ കേസ് രേഖകൾ ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേശ് വിളിച്ചുവരുത്തിയത്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഗുരുതരവും അഴിമതി പ്രകടവുമായ കേസുകളിലൊന്നാണിതെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് വെങ്കിടേഷ്, വിജിലൻസ് അന്വേഷണം വളരെ മോശമായാണ് നടന്നതെന്നും വിമർശനമുന്നയിച്ചിരുന്നു.
അസാധാരണ നടപടിയുമായി മദ്രാസ് ഹൈക്കോടതി; മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയതിൽ പുനഃപരിശോധന