Asianet News MalayalamAsianet News Malayalam

സിബിഎസ്ഇ, ഐസിഎസ്‍സി പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയം; തീരുമാനം പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

ബോര്‍ഡുകള്‍ സമര്‍പ്പിച്ച മൂല്യ നിർണയ മാനദണ്ഡങ്ങൾ തത്വത്തില്‍ അംഗീകരിക്കുന്നതായി ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. 

supreme court  CBSE ICSC twelfth class evaluation criteria again
Author
Delhi, First Published Jun 21, 2021, 11:50 AM IST

ദില്ലി: സിബിഎസ്ഇ, ഐസിഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ തീരുമാനത്തിൽ മാറ്റമില്ലെന്ന് സുപ്രീംകോടതി. വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കംപാര്‍ടുമെന്‍റ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിൽ സുപ്രീംകോടതി നാളെ തീരുമാനം എടുത്തേക്കും.

സിബിഎസ്ഇ, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിനായി ഇപ്പോൾ അംഗീകരിച്ച മാനദണ്ഡങ്ങളിൽ ആശയകുഴപ്പമുണ്ടെന്നും ക്രമക്കേടുക്കേടിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി നിരവധി അപേക്ഷകളാണ് കോടതിക്ക് മുന്നിലുള്ളത്. എതിര്‍പ്പുകൾ പരിശോധിക്കാമെന്ന് അറിച്ച സുപ്രീംകോടതി അതേസമയം പരീക്ഷ റദ്ദാക്കിയ തീരുമാനത്തിൽ യാതൊരു മാറ്റവും ഇല്ലെന്ന് ആവര്‍ത്തിച്ചു. കുട്ടികൾക്ക് പ്രതീക്ഷ നൽകുന്ന തീരുമാനമാണ് ഉണ്ടാകേണ്ടത്. അവരെ അനിശ്ചിതത്വത്തിലാക്കാനാകില്ല. സിബിഎസ്ഇയുടെയും ഐ.എസ്.സിയുടെയും മൂല്യനിര്‍ണയത്തെ ഒരുപോലെ കാണരുത്. രണ്ട് വ്യത്യസ്ഥ മാര്‍ഗ്ഗങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും കോടതി പറഞ്ഞു.

പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് അവസരം നൽകണമെന്ന് നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിൽ ചില നിര്‍ദ്ദേശങ്ങൾ കോടതി നൽകിയേക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയതിനൊപ്പം കംപാര്‍ടുമെന്‍റ് പരീക്ഷകൾ കൂടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിൽ നാളെ തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു. പന്ത്രണ്ടം ക്ലാസ് സംസ്ഥാന ബോര്‍ഡ് പരീക്ഷ റദ്ദാക്കാത്തത്  ചോദ്യം ചെയ്തുള്ള ഹര്‍ജികളിൽ നോട്ടീസ് അയച്ചതിന് പിന്നലെ തൃപുര, അസം, പഞ്ചാബ് സംസ്ഥാനങ്ങൾ പരീക്ഷ റദ്ദാക്കി. അതിനെതിരെയുള്ള ഹര്‍ജികളും നാളെ സുപ്രീംകോടതി പരിഗണിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios