പുതിയ വോട്ടർ രജിസ്‌ട്രേഷനുള്ള ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ സുപ്രീം കോടതി അംഗീകരിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി
ഡൽഹി: പുതിയ വോട്ടർ രജിസ്‌ട്രേഷനുള്ള ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ സുപ്രീം കോടതി അംഗീകരിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മുൻപ് ബിഹാർ എസ്ഐആർ സംബന്ധിച്ച് വിധി പ്രസ്താവിക്കുമ്പോൾ പരിഗണനയിലില്ലാതിരുന്ന നിബന്ധനകളാണ് പുതിയ ഫോമിലുള്ളതെന്നും, ഫോമിൽ മാറ്റം വരുത്തിയത് ആരെന്ന് വിശദമായി പരിശോധിക്കുമെന്നും കോടതി അറിയിച്ചു. പുതിയ വോട്ടർ രജിസ്‌ട്രേഷനായി അപേക്ഷിക്കുമ്പോൾ മാതാപിതാക്കളുടെ പഴയ വോട്ടർപട്ടികയിലെ വിവരങ്ങളോ അല്ലെങ്കിൽ 2002-ലെ വോട്ടർപട്ടികയുമായുള്ള ബന്ധമോ വ്യക്തമാക്കുന്ന അധിക സത്യവാങ്മൂലം സമർപ്പിക്കണമെന്ന നിബന്ധനയാണ് വിവാദത്തിന് കാരണമായത്.
പുതിയ ഫോം 6 അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. ഫോം 6-ൽ മാറ്റങ്ങൾ വരുത്താൻ സുപ്രീം കോടതി യാതൊരു അനുമതിയും നൽകിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഫോമിലെ വ്യവസ്ഥകൾ പരിഷ്കരിച്ചത് ആരുടെ ഉത്തരവുപ്രകാരമാണെന്ന് വ്യക്തമാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി നോട്ടീസ് അയച്ചു. ബിഹാർ എസ്ഐആർ കേസിലെ വിധി വന്നിരുന്ന സമയത്ത് ഈ പുതിയ വ്യവസ്ഥകൾ നിലവിലുണ്ടായിരുന്നില്ല. അതിനുശേഷമാണ് ഫോമിൽ മാറ്റങ്ങൾ വന്നത്.
ഈ വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട മറ്റ് പ്രധാന ഹർജികൾക്കൊപ്പം ഈ മാസം 27-ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.



