Asianet News MalayalamAsianet News Malayalam

നുപൂർ ശർമയ്ക്കെതിരായ കേസുകൾ ദില്ലിയിലേക്ക് മാറ്റി; അറസ്റ്റിൽ നിന്നുള്ള സംരക്ഷണം തുടരും

പ്രവാചക നിന്ദാ പരാമർശത്തിൽ നുപുർ ശർമയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ എടുത്ത കേസുകൾ ദില്ലിയിലേക്ക് മാറ്റി

Supreme Court clubs and transfers all FIRs filed against Nupur Sharma to Delhi Police
Author
Delhi, First Published Aug 10, 2022, 5:17 PM IST

ദില്ലി: പ്രവാചക നിന്ദാ പരാമർശത്തിൽ ബിജെപി മുൻ വക്താവ് നുപുർ ശർമയ്ക്ക് ആശ്വാസം. നുപൂറിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ എടുത്ത കേസുകളെല്ലാം ദില്ലി പൊലീസിന് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടു. വധഭീഷണി ഉണ്ടെന്ന നുപുർ ശർമയുടെ വാദവും ഹജരാക്കിയ രേഖകളും കണക്കിലെടുത്താണ് എല്ലാ എഫ്ഐആറുകളും ദില്ലി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ, ഇന്റലിജൻസ് ഫ്യൂഷൻ ആന്റ് സ്ര്ടാറ്റജിക് ഓപ്പറേഷൻസിന് (IFSO) കൈമാറാൻ തീരുമാനമെടുത്തതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി.പാർഡിവാല എന്നിവർ അടങ്ങിയ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഭാവിയിൽ എടുക്കുന്ന കേസുകൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ദില്ലി പൊലീസിന് ആവശ്യമെങ്കിൽ മറ്റ് സംസ്ഥാന പൊലീസിന്റെ സഹായം തേടാമെന്നും ജസ്റ്റിസുമാരായ സൂര്യകാന്തും ജെ.ബി.പാർഡിവാലയും വിധിന്യായത്തിൽ വ്യക്തമാക്കി. 

കേസിലെ എഫ്ഐആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയെ സമീപിക്കാൻ അനുവാദം വേണമെന്ന നുപുറിന്റെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചു. ദില്ലിക്ക് പുറമേ, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാൾ, കർണാടക, ഉത്തർപ്രദേശ്, അസം, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നൂപുറിനെതിരെ പരാതികൾ നൽകിയിരുന്നു. കേസുകളിൽ നുപുറിനെ അറസ്റ്റ് ചെയ്യുനന്ത് കോടതി നേരത്തെ തടഞ്ഞിരുന്നു. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം നീട്ടിയിട്ടുണ്ട്. 

നേരത്തെ എല്ലാ എഫ്ഐആറുകളും ദില്ലിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജി പരിഗണിക്കുന്നതിനിടെ, നുപുർ ശർമയെ വധിക്കാൻ പാക്കിസ്ഥാനിൽ നിന്നെത്തിയ ഭീകരൻ പിടിയിലായതായി നുപുർ ശ‌ർമയുടെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. റിസ്വാന്റെ കൈവശം കത്തിയും മത ഗ്രന്ഥങ്ങളും ഉണ്ടായിരുന്നുവെന്നും അജ്മീർ ദർഗ സന്ദർശിച്ച ശേഷം നുപുർ ശർമയെ വധിക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്നും അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. ഇതുൾപ്പെടെയുള്ള വധ ഭീഷണി കണക്കിലെടുത്താണ് വിവിധ സംസ്ഥാനങ്ങളിലെ കേസുകൾ ദില്ലിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടത്. 

ഹ‍ർജികൾ ഒരുമിച്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച, നുപുർ ശർമയെ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ഹർ‍ജി പരിഗണിക്കവേ, രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യത്തിന് കാരണം നുപുർ ശർമയാണെന്ന് കോടതി പരാമർശിച്ചിരുന്നു. രാജ്യത്തോട് നുപുർ മാപ്പ് പറയണമെന്ന നിരീക്ഷണവും കോടതി നടത്തി. എന്നാൽ വാക്കാലുള്ള ഈ നിരീക്ഷണം ഉത്തരവിൽ ഇല്ലായിരുന്നു. ഇതിനുപിന്നാലെ ഹർഡജി പിൻവലിച്ചെങ്കിലും പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. 

 

Follow Us:
Download App:
  • android
  • ios