ദില്ലി: കോവളത്തെ കെടിഡിസിയുടെ ഹോട്ടൽ സമുദ്രയിൽ വിനോദസഞ്ചാരി മുങ്ങി മരിച്ച സംഭവത്തിൽ 62.50 ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീം കോടതി. 2006 ലാണ് സത്യേന്ദ്ര പ്രതാപ് ഹോട്ടലിലെ സ്വിമ്മിംങ് പൂളിൽ മുങ്ങി മരിച്ചത്. ഈ സംഭവത്തിൽ കെടിഡിസിക്ക് വീഴ്ച പറ്റിയെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. പിഴ തുക സത്യേന്ദ്ര പ്രതാപിന്‍റെ കുടുംബത്തിന് നൽകും.

കുടുംബത്തോടൊപ്പം ഹോട്ടലിലെത്തിയ സത്യേന്ദ്ര പ്രതാപ് സ്വിമ്മിംങ് പൂളിൽ നീന്തുമ്പോൾ അബോധവസ്ഥയിലാവുകയും മുങ്ങിപ്പോവുകയുമായിരുന്നു. കണ്ടു നിന്ന വിദേശിയായ ഒരാൾ ഇദ്ദേഹത്തെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

പരിശീലനം ലഭിച്ച ആളുകളുടെ നിരീക്ഷണത്തിലായിരിക്കണം ഹോട്ടലുകളിലെ സ്വിമ്മിംങ് പൂളുകൾ പ്രവർത്തിപ്പിക്കേണ്ടതെന്നും വിധി പ്രസ്താവത്തിൽ കോടതി നിരീക്ഷിച്ചു.