പണം ഔദ്യോഗിക വസതിയിൽ സൂക്ഷിച്ചിരുന്നത് തെളിവുകളുണ്ടെന്നും ജഡ്ജി വർമ്മയോ വർമ്മയുമായി ബന്ധപ്പെട്ടവരോ അറിയാതെ പണം വസതിയിൽ സൂക്ഷിക്കാൻ ആകില്ലെന്നുമാണ് സുപ്രീം കോടതിയുടെ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ
ദില്ലി: ദില്ലി ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽ പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പുറത്ത് വന്നു. ജഡ്ജി വർമ്മക്കെതിരെ നടപടിക്ക് ശുപാർശ നൽകുന്നതാണ് റിപ്പോർട്ട്. പണം ഔദ്യോഗിക വസതിയിൽ സൂക്ഷിച്ചിരുന്നത് തെളിവുകളുണ്ടെന്നും ജഡ്ജി വർമ്മയോ വർമ്മയുമായി ബന്ധപ്പെട്ടവരോ അറിയാതെ പണം വസതിയിൽ സൂക്ഷിക്കാൻ ആകില്ലെന്നുമാണ് സുപ്രീം കോടതിയുടെ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
തീപിടിത്തമുണ്ടായ വസതിയിലെ സ്റ്റോർ റൂമിൽ പകുതി കത്തിയ നിലയിലായിരുന്നു ഫയർഫോഴ്സ് സംഘം പണം കണ്ടെത്തിയത്. ജഡ്ജിയുടെ കുടുംബമാണ് സ്റ്റോർ റൂം നിയന്ത്രിച്ചിരുന്നത്. 55 സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. നിയമ മാധ്യമ സ്ഥാപനമായ The Leaflet ആണ് റിപ്പോർട്ട് പുറത്തു വിട്ടത്. മൊഴിയെടുപ്പ് പൂർണമായും വീഡിയോ റെക്കോഡ് ചെയ്തിരുന്നു. നോട്ട്കെട്ടുകളെപ്പറ്റി റിപ്പോർട്ടിൽ പരാമർശിക്കരുതെന്ന് ജഡ്ജിയുടെമകൾ ദിയവർമയും സെക്രട്ടറി രജീന്ദർസിംഗ് കാർക്കിയും ആവശ്യപ്പെട്ടതായും മൊഴിയുണ്ട്.



