ദില്ലി: കൊവിഡ് വൈറസ് പടരുന്നത് തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ സാഹചര്യത്തിൽ മാധ്യമസ്ഥാപനങ്ങൾ ജീവനക്കാരെ പിരിച്ചുവിടുന്നതും ശമ്പളം വെട്ടിക്കുറക്കുന്നതും ചോദ്യം ചെയ്ത് സമർപ്പിച്ച ഹര്‍ജിയിൽ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഈ വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിന്‍റെ മറുപടി പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. മറുപടി നൽകാൻ കേന്ദ്ര സര്‍ക്കാരിന് രണ്ടാഴ്ചത്തെ സമയം നൽകി. സാമ്പത്തിക മേഖലകൾ പ്രവര്‍ത്തിക്കാതിരുന്നാൽ ഇനിയും എത്രകാലം ജനങ്ങൾക്ക് പിടിച്ചുനിൽക്കാനാകുമെന്ന് കോടതി ചോദിച്ചു. ഏറെ ഗൗരവത്തോടെ പരിശോധിക്കേണ്ട വിഷയമാണെന്ന് പറഞ്ഞ കോടതി സമാപനമായ പ്രശ്നങ്ങൾ മറ്റ് ചില സംഘടനകളും ഉന്നയിച്ചിട്ടുണ്ടെന്നും അറിയിച്ചു. 

ദില്ലി യൂണിയൻ ഓഫ് ജേര്‍ണലിസ്റ്റ്, നാഷണൽ അലൈൻസ് ഓഫ് ജേര്‍ണലിസ്റ്റ്സ് സംഘടനകൾ സംയുക്തമായാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജിയുടെ പകര്‍പ്പ് നൽകണമെന്ന് സൊളിസിറ്റര്‍ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. ജസ്റ്റിസ് എൻ വി രമണ, സഞ്ചയ് കിഷൻ കൌൾ, ബിആർ ഗവായി എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിച്ചത്. കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൌണിന് പിന്നാലെ പല മാധ്യമ സ്ഥാപനങ്ങളും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിലേക്കും പിരിച്ചുവിടലിലേക്കും നീങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ്  മാധ്യമ പ്രവർത്തകരുടെ സംഘടനകൾ കോടതിയെ സമീപിച്ചത്.