നിലവില്‍ വഖഫായ സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്നും ഡീനോട്ടിഫിക്കേഷൻ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. പുതിയ നിയമനങ്ങള്‍ ഇപ്പോള്‍ പാടില്ലെന്നും കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി.

ദില്ലി: വഖഫ് നിയമ ഭേദഗതിയിൽ കേന്ദ്ര സർക്കാരിൻ്റെ തുടർനീക്കം തടഞ്ഞ് സുപ്രീംകോടതി. നിലവിലെ വഖഫ് സ്വത്തുക്കൾ അതല്ലാതാക്കാനോ വഖഫ് കൗൺസിലിലേക്കും ബോർഡുകളിലേക്കും നിയമനം നടത്താനോ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്രത്തിന് കൂടുതൽ രേഖകൾ നല്കാൻ സമയം നല്‍കിയ കോടതി കേസ് ഇനി പരിഗണിക്കുന്ന മേയ് 5 വരേക്കാണ് ഈ ഉത്തരവ് നല്‍കിയത്. നിയമം പൂർണ്ണമായി സ്റ്റേ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരാനുള്ള സാഹചര്യമൊരുക്കി സുപ്രീംകോടതി. നിയമഭേദഗതിയിൽ ഇന്നലെ ഇടക്കാല ഉത്തരവിറക്കാൻ തുടങ്ങിയ സുപ്രീംകോടതി കേന്ദ്രത്തിൻ്റെ അപേക്ഷ അനുസരിച്ചാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. കൂടുതൽ രേഖകൾ കോടതിയിൽ നല്‍കാൻ സമയം വേണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്ന് വാദിച്ചു. ഏഴ് ദിവസം സമയം നല്‍കിയെങ്കിലും വഖഫിൽ കേന്ദ്രത്തിൻ്റെ തുടർനീക്കം താല്ക്കാലിക ഉത്തരവിലൂടെ തന്നെ കോടതി വിലക്കി. വഖഫായി നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന സ്വത്തുക്കൾ ഒന്നും തരംമാറ്റില്ല എന്ന കേന്ദ്രത്തിൻ്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. രജിസ്റ്റർ ചെയ്തതോ ദീർഘകാല ഉപയോഗത്തിൻ്റെ അടിസ്ഥാനത്തിൽ വിജഞാപനത്തിലൂടെ വഖഫ് ആയതോ ആയ സ്വത്തുക്കൾ അതേ പടി നിലനിറുത്തണം എന്നാണ് നിർദ്ദേശം. 

കേന്ദ്ര വഖഫ് കൗൺസിൽ, സംസ്ഥാന വഖഫ് ബോർഡ് എന്നിവയിൽ നിയമനം പാടില്ല. അമുസ്ലീങ്ങളെ അംഗങ്ങളാക്കാമോ എന്നതടക്കമുള്ള കാര്യങ്ങളിൽ വാദം കേട്ട ശേഷം തീരുമാനം എടുക്കും. അഞ്ച് വർഷം ഇസ്ലാം മതം അനുഷ്ഠിച്ചവർക്കേ വഖഫിന് അവകാശമുള്ളു എന്നതടക്കമുള്ള വ്യവസ്ഥകളിൽ ഇപ്പോൾ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. തല്ക്കാലം ഹർജിക്കാരുടെ ചില അവകാശങ്ങൾ സംരക്ഷിക്കുന്നു എന്നേയുള്ളു. മേയ് അഞ്ചിന് കേസ് കേൾക്കുമ്പോൾ കേന്ദ്രത്തിൻ്റെ മറുപടി പരിശോധിക്കും. പ്രധാന അഞ്ച് ഹർജികൾ മാത്രം കേൾക്കാം എന്നും രാഷട്രീയ പാർട്ടികളുടയും സംഘടനകളുടെയും പേര് ഒഴിവാക്കി വഖഫ് നിയമഭേദഗതി കേസ് ഒന്നു മുതൽ അഞ്ച് വരെ എന്ന നിലയ്ക്ക് പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

Also Read: 'വഖഫിൽ തർക്കം ഉന്നയിച്ചതോടെ വസ്തു വഖഫ് അല്ലാതായി മാറുന്ന വകുപ്പിനെതിരെ കോടതി എടുത്ത നിലപാട് സുപ്രധാനം'; ഇടി

1995 ലെ വഖഫ് നിയമം, 2013ലെ ഭേദഗതി എന്നിവ ചോദ്യം ചെയതുള്ള ഹർജികളും ഇതിനൊപ്പം കോടതി പരിഗണിക്കും. നിയമഭേദഗതിയിലെ പ്രധാന വ്യവസ്ഥകൾ മരവിപ്പിച്ചു കൊണ്ടുള്ള ഇടക്കാല ഉത്തരവ് കുറച്ച് നാളത്തേക്ക് കൂടി മാറ്റിവയ്പിക്കാനായി എന്നതാണ് കേന്ദ്രത്തിന് ഏക ആശ്വാസം. എന്നാൽ നിയമഭേദഗതിയിലൂടെ നിലവിൽ തർക്കമുള്ള വഖഫ് സ്വത്തുക്കളിൽ ഇടപെടാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിനാണ് സുപ്രീംകോടതി രേഖാമൂലം നല്കിയ ഇന്നത്തെ നിർദ്ദേശം തിരിച്ചടിയാകുന്നത്. 

YouTube video player

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം