ദില്ലി: ഉന്നാവ് കേസില്‍ നീതിപൂർവ്വവും വേഗത്തിലുമുള്ള വിചാരണയാണ് ആഗ്രഹിക്കുന്നതെന്ന് സുപ്രീംകോടതി. വാഹന അപകടക്കേസിലെ അന്വേഷണത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം വേണമെന്ന സിബിഐയുടെ ആവശ്യം പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായി സിബിഐ കോടതിയെ അറിയിച്ചു. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെൺകുട്ടിയുടെ മൊഴി ഇന്ന് രാവിലെയാണ് സിബിഐ ഉദ്യോഗസ്ഥർ രേഖപ്പെടുത്തുയത്. പെൺകുട്ടി ചികിത്സയിൽ കഴിയുന്ന എയിംസ് ആശുപത്രിയിലെത്തിയാണ് സിബിഐ ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്. പെൺകുട്ടിയെ ഇന്നലെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയിരുന്നു. പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് അശുപത്രി അധികൃതര്‍ അറിയിച്ചു. സുപ്രീംകോടതി ഇടപെട്ടാണ് ലഖ്‍നൗവിലെ കിംഗ് ജോർജ് ആശുപത്രിയിൽ നിന്ന് പെൺകുട്ടിയെ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. 

ജൂലൈ 28-നാണ് റായ്‍ബറേലിക്ക് അടുത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ പെൺകുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് പെൺകുട്ടിയ്ക്ക് ഒപ്പം സഞ്ചരിച്ച രണ്ട് ബന്ധുക്കൾ മരിച്ചിരുന്നു. അതിവേഗത്തിൽ വന്ന ട്രക്ക് പെൺകുട്ടി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപടകത്തിന് പിന്നിൽ പെൺകുട്ടി ബലാത്സംഗ പരാതി ഉന്നയിക്കുകയും കേസിലെ പ്രതിയുമായ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്ന വലിയ ആരോപണങ്ങളുയർന്നതിനെത്തുടർന്ന് സെംഗാറിനും സഹോദരനും മറ്റ് പത്ത് പേർക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. 

തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നാവിലെ പെൺകുട്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് കത്ത് നൽകി പതിനാറാം ദിവസമാണ് അവരുടെ കാറിൽ ട്രക്കിടിക്കുന്നത്. കാറിൽ പെൺകുട്ടിയോടൊപ്പമുണ്ടാകേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ കയറിയിരുന്നില്ല. പെൺകുട്ടിയുടെ കാറിലിടിച്ച ട്രക്കിന്‍റെ നമ്പർ പ്ലേറ്റ് കറുത്ത മഷി ഉപയോഗിച്ച് മായ്ക്കുകയും ചെയ്തിരുന്നു.