മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് തനിക്കെതിരെയുള്ള എഫ്ഐആറെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.

ദില്ലി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മനുഷ്യാവകാശ പ്രവര്‍ത്തകന് ഏഴു ദിവസത്തെ ഇടക്കാല സുരക്ഷ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഇപ്പോള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. ആക്ടിവിസ്റ്റ് അനിര്‍ബന്‍ ദാസിനെതിരെയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പൊലീസ് ക്രിമിനല്‍ കുറ്റം ചുമത്തിയത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് ഉത്തരവിട്ടത്. ബംഗാളില്‍ അഭിഭാഷകര്‍ സമരം ചെയ്യുന്നത് കൊണ്ടാണ് സുരക്ഷ തേടി സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കെതിരെ രാഷ്ട്രീയ പ്രേരിതമായിട്ടാണ് കേസ് എടുത്തതെന്നും മമതാബാനര്‍ജിക്കെതിരെ പൊതുവിമര്‍ശനമാണ് ഫേസ്ബുക്ക് പേജില്‍ എഴുതിയതെന്നും അനിര്‍ബന്‍ ദാസ് കോടതിയില്‍ വാദിച്ചു.

മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് തനിക്കെതിരെയുള്ള എഫ്ഐആറെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് താന്‍ നിരുപാധികം മാപ്പ് പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 25നാണ് ആലിപുര്‍ദ്വാര്‍തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് ടൗണ്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് മദന്‍ ഘോഷ് അനിര്‍ബനെതിരെ പരാതി നല്‍കിയത്.