ദില്ലി: ശ്രീനഗറിൽ വീട്ടുതടങ്കലിലുള്ള സിപിഎം നേതാവ് യൂസഫ് തരിഗാമിയെ ദില്ലി എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമർപ്പിച്ച സത്യവാങ്മൂലത്തിന്‍റെയും ഹർജിയുടെയും അടിസ്ഥാനത്തിലാണ് ഉത്തരവ്. നാല് തവണ കുൽഗാം മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട തരിഗാമിയെ അനധികൃതമായാണ് തടങ്കലിൽ വച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് യെച്ചൂരി ഹർജി നൽകിയത്. 

സുപ്രീംകോടതിയുടെ പ്രത്യേക ഉത്തരവും അനുമതിയും തേടി സീതാറാം യെച്ചൂരി ശ്രീനഗറിലേക്ക് തരിഗാമിയെ കാണാൻ പോയിരുന്നു. പ്രത്യേക സുരക്ഷയോടെയാണ് യെച്ചൂരി അന്ന് തരിഗാമിയെ കാണാൻ പോയത്. ഒരു ദിവസം ശ്രീനഗറിൽ തരിഗാമിയ്ക്ക് ഒപ്പം തങ്ങാൻ അനുവദിക്കണമെന്ന യെച്ചൂരിയുടെ അപേക്ഷ അന്ന് അധികൃതർ അംഗീകരിക്കുകയും ചെയ്തു.

തരിഗാമിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം യെച്ചൂരി വ്യക്തമാക്കിയിരുന്നു. വീട്ടുതടങ്കലിലായതിനാൽ ചികിത്സയ്ക്ക് ഒരു വഴിയുമില്ല. 72 വയസ്സുള്ള തരിഗാമിയ്ക്ക് വേണ്ട ചികിത്സ ഉറപ്പാക്കാൻ ജമ്മു കശ്മീർ ഭരണകൂടം ശ്രമിക്കുന്നില്ലെന്നും യെച്ചൂരി ആരോപിച്ചു. ഈ വിവരങ്ങളടക്കമുള്ള ഒരു സത്യവാങ്മൂലം യെച്ചൂരി സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരുന്നു. ഇത് കണക്കിലെടുത്താണ് തരിഗാമിയെ ദില്ലിയിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്. 

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‍ഡെ, അബ്ദുൾ നസീർ എന്നിവരടങ്ങിയ ബഞ്ചിന്‍റേതാണ് ഉത്തരവ്. ഓഗസ്റ്റ് 5-നാണ് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളയുന്നതിന് തൊട്ടു മുമ്പ് കശ്മീരിനെ നേതൃനിരയെ മൊത്തം കേന്ദ്രസർക്കാർ വീട്ടുതടങ്കലിലാക്കിയത്. പിറ്റേന്ന് തന്നെ യെച്ചൂരി സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. തരിഗാമിയെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും വിവരങ്ങളറിയാൻ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഓഗസ്റ്റ് 9-ന് സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയോടെ യെച്ചൂരി ശ്രീനഗറിലെത്തി.

എന്നാൽ നേരത്തേ സന്ദർശനവിവരമടക്കം അറിയിച്ചിട്ടും ആദ്യം ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലികിൽ നിന്ന് കൃത്യമായ അനുമതി ലഭിച്ചില്ലെന്ന് യെച്ചൂരി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇനിയും തരിഗാമിയെ തടങ്കലിൽ വച്ചിരിക്കുന്നത് ഭരണഘടനാ അനുച്ഛേദം 21 പ്രകാരം വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്നും സത്യവാങ്മൂലത്തിലുണ്ട്.