Asianet News MalayalamAsianet News Malayalam

കടുവ സങ്കേതങ്ങളിലെ സഫാരി: പരിസ്ഥിതി മന്ത്രാലയത്തിന് സുപ്രീം കോടതി നോട്ടീസ്, സഫാരികൾക്ക് പൂട്ടു വീഴുമോ?

 

supreme court panel against zoos and jungle safaris in tiger reserves vkv
Author
First Published Feb 8, 2023, 4:42 PM IST

ദില്ലി: രാജ്യത്തെ കടുവ സങ്കേതങ്ങളിലെ സഫാരികള്‍, മൃഗശാലകൾ എന്നിവയ്ക്ക് എങ്ങനെ അനുമതി നൽകിയെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ  ബെഞ്ചാണ് വാദത്തിനിടെ ഈ ചോദ്യം ഉന്നയിച്ചത്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് കടുവ സങ്കേത കേന്ദ്രത്തിന്റെ ബഫര്‍ സോണില്‍ സഫാരി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ  സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ  റിപ്പോർട്ട് പരിശോധിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം.  

വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ തകർക്കുന്നതാണ് ഇത്തരം പാർക്കുകളെന്ന് സുപ്രീം കോടതി നീരീക്ഷിച്ചു.  മൃഗങ്ങൾക്ക് അവരുടെ ആവാസവ്യവസ്ഥയിൽ ജീവിക്കാനാണ് ഇത്തരം പാർക്കുകൾ. അവിടേക്ക് മനുഷ്യരെ ടൂറിസത്തിനായി കടത്തിവിടുന്നത് എങ്ങനെ ശരിയാകുമെന്ന് കോടതി ചോദിച്ചു. കടുവസങ്കേതങ്ങൾക്കുള്ളിൽ ജീപ്പിലടക്കം യാത്രകൾ നടത്തുണ്ടെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. മൃഗങ്ങളെ സ്വതന്ത്ര്യമായി വിടുകയാണ് ചെയ്യേണ്ടത്. അതിലേക്ക് മനുഷ്യരുടെ ഇടപെടൽ അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ പരിസ്ഥിതി ബെഞ്ച് വ്യക്തമാക്കി.

ഇതുസംബന്ധിച്ച് വിവരങ്ങൾ തേടി കേന്ദ്രപരിസ്ഥിതിമന്ത്രാലയത്തിനും സംസ്ഥാനങ്ങൾക്കും ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്കും കോടതി നോട്ടീസ് അയച്ചു. ഇത്തരം കാര്യങ്ങൾക്ക് എങ്ങനെ അനുമതി നൽകിയെന്ന് കേന്ദ്രവും കടുവ സംരക്ഷണ അതോറിറ്റിയും വിശദീകരിക്കണം. മാർച്ച് പതിനഞ്ചിനുള്ളിൽ മറുപടി നൽകാനും ജസ്റ്റിസ് ബി ആർ ഗവായി നിർദ്ദേശം നൽകി. സഫാരികൾക്ക്  പോകുന്ന സഞ്ചാരികളുടെ ജീവനും ഭീഷണിയുണ്ടെന്ന ഹർജിക്കാരുടെ വാദത്തോടെ കോടതി യോജിച്ചു.  കടുവസങ്കേതങ്ങൾക്കുള്ളിൽ നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങളിലും കോടതി അതൃപ്തി രേഖപ്പെടുത്തി. 

പ്രകൃതിദത്തമായ ആവാസവ്യവസ്ഥയാണ് ഇത്തരം സങ്കേതങ്ങൾ വഴി ഉദ്ദേശിക്കുന്നതെന്ന് കോടതി ഓർമ്മിപ്പിച്ചു.  കടുവ സങ്കേത കേന്ദ്രങ്ങളിലെ സഫാരികള്‍, മൃഗശാലകള്‍ എന്നിവ ഉടന്‍ അവസാനിപ്പിക്കണമെന്നാണ് ഉന്നത അധികാര സമിതിയുടെ റിപ്പോർട്ട്. ഇത്തരം ടൂറിസം പ്രവർത്തികൾ തടയണമെന്നും സമിതി വ്യക്തമാക്കുന്നുണ്ട്. ഇതിനായി നിലവിലെ മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യണമെന്നാണ് സമിതിയുടെ നിർദ്ദേശം. 

2012ലാണ്  ദേശീയ കടുവ സംരക്ഷണ അതോറിറ്റി (NTCA) കടുവ സങ്കേത കേന്ദ്രങ്ങളിലെ ബഫര്‍ മേഖലകളില്‍ സഫാരി നടത്താന്‍ അനുമതി നല്‍കിയത്. പിന്നീട് രണ്ട് തവണ ഇതിൽ ഭേദഗതിവരുത്തിയെങ്കിലും സഫാരി നടത്താൻ അനുമതി തുടർന്നൂ. കേന്ദ്രസർക്കാരും ഇതിന് അനുമതി നൽകിയിരുന്നു. നിലവിലെ സുപ്രീംകോടതി നടപടി കേരളത്തിലെ  പെരിയാർ ടൈഗർ റിസർവിലെ അടക്കം ടൂറിസം  പ്രവർത്തനത്തെ ബാധിച്ചേക്കും.

Read More :  തിരക്കേറിയ ഹൈവെ കടക്കാന്‍, വാഹനങ്ങള്‍ പോകുന്നത് വരെ കാത്ത് നില്‍ക്കുന്ന കടുവ; അതിശയിപ്പിക്കുന്ന വീഡിയോ!

Follow Us:
Download App:
  • android
  • ios