നിയമനത്തിന് എന്തിന് അടിയന്തര പ്രാധാന്യം നൽകിയെന്ന ചോദ്യമുയർത്തിയ കോടതി, യോഗ്യതാടിസ്ഥാനത്തിൽ പരിഗണിക്കപ്പെട്ട നാല് പേരിൽ നിന്നും ഒരാളിലേക്ക് എങ്ങനെയെത്തിയെന്നും ചോദിച്ചു. 

ദില്ലി : തെരഞ്ഞെടുപ്പ് കമ്മിഷണറായി അരുൺ ഗോയലിനെ നിയമിച്ചതുമായി ബന്ധപ്പെട്ട ഫയലുകൾ അറ്റോർണി ജനറൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് മുന്നിൽ സമർപ്പിച്ചു. നിയമനത്തിന് എന്തിന് അടിയന്തര പ്രാധാന്യം നൽകിയെന്ന ചോദ്യമുയർത്തിയ കോടതി, യോഗ്യതാടിസ്ഥാനത്തിൽ പരിഗണിക്കപ്പെട്ട നാല് പേരിൽ നിന്നും ഒരാളിലേക്ക് എങ്ങനെയെത്തിയെന്നും ചോദിച്ചു. 

ഹർജിയിലെ വാദത്തിനിടെയാണ് കോടതി അരുൺ ഗോയലിന്റെ നിയമനത്തിനെതിരെ ചോദ്യമുയർത്തിയത്. എന്തിനാണ് തിടുക്കപ്പെട്ട് അരുൺ ഗോയലിന്റെ നിയമനം നടത്തിയതെന്ന് വാദത്തിനിടെ കോടതി കേന്ദ്രത്തോട് ആരാഞ്ഞു. പതിനെട്ടാം തീയതി സുപ്രീംകോടതി ഹർജി പരിഗണിച്ച അന്ന് തന്നെ പ്രധാനമന്ത്രി അരുൺ ഗോയലിന്റെ പേര് നിർദേശിക്കുകയും നിയമനം നടത്തുകയും ചെയ്തു. എന്തുകൊണ്ടാണ് ഈ അടിയന്തര പ്രാധാന്യമെന്നും ജസ്റ്റിസ് കെ എം ജോസഫ് കേന്ദ്രത്തോട് ചോദിച്ചു. 

'മെയ് 15 നാണ് ഒഴിവ് വന്നത്. മെയ് 15 മുതൽ നവംബർ 18 വരെ നിങ്ങൾ എന്തു ചെയ്തുവെന്ന് പറയാമോ?' ഒരു ദിവസം എന്തുകൊണ്ടാണ് അതിവേഗത്തിൽ നിയമനം നടത്തിയതെന്ന് ജസ്റ്റിസ് അജയ് രസ്തോഗിയും ചോദിച്ചു. അരുൺ ഗോയൽ എന്ന വ്യക്തിക്കെതിരെ ഈ ബെഞ്ചിന് പ്രശ്നം ഒന്നുമില്ല. ഇതുവരെയുള്ള പ്രകടനം ഏറ്റവും മികച്ചതുമാണ്. എങ്കിലും ഈ നിയമനത്തിന് സ്വീകരിച്ച നടപടിക്രമങ്ങൾ പരിശോധിക്കപ്പെടേണ്ടതാണെന്നും ജസ്റ്റിസ് ജോസഫ് വിശദീകരിച്ചു. 

എന്നാൽ ഒളിക്കാൻ ഒന്നുമില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. കോടതി ഇത്തരത്തിൽ സംശയം ഉന്നയിക്കുന്നത് ചില പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലേയെന്ന് അറ്റോണി ജനറലും മറുപടി ചോദ്യമുന്നയിച്ചു. എന്നാൽ ചർച്ചയും സംവാദവുമാണ് ഇപ്പോൾ നടക്കുന്നതെന്ന് വിശദീകരിച്ച കോടതി, കേന്ദ്രത്തിനെതിരാണെന്ന് കരുതേണ്ടെന്നും എജിക്ക് മറുപടി നൽകി. 

YouTube video player